ഓരോ വോട്ടിനും സുരക്ഷിതവും വികസിതവും സ്വയംപര്യാപ്തവുമായ രാജ്യം സൃഷ്ടിക്കാനുള്ള ശക്തിയുണ്ട്- അമിത് ഷാ
|21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം
ഡൽഹി: തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വലിയ രീതിയിൽ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് സുപ്രധാനമായ ദിവസമാണ്, ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്താനുള്ളതാണ് തെരഞ്ഞെടുപ്പെന്നും പൊതുജനങ്ങളുടെ ഓരോ വോട്ടിനും സുരക്ഷിതവും വികസിതവും സ്വയംപര്യാപ്തവുമായ രാജ്യം സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
'വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനൊപ്പം അഴിമതി, സ്വജനപക്ഷപാതം, പ്രീണനം എന്നിവയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ കഴിവുള്ള ശക്തമായ ഒരു നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' അമിത് ഷാ പറഞ്ഞു.
ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് അമിത് ഷാ. 2019 ലും ഇതേ മണ്ഡലത്തില്‍ നിന്നാണ് അമിത് ഷാ ജയിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്കാണ് വേട്ടെടുപ്പ് നടക്കുന്നത്. അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെ 1.87 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം 102 മണ്ഡലങ്ങളിലായി 18 ലക്ഷം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 26 നും ബാക്കിയുള്ള ഘട്ടങ്ങള്‍ മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 എന്നിങ്ങനെയായിരിക്കും നടക്കുക. 2019 ലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പും ഏഴ് ഘട്ടങ്ങളിലായാണ് നടന്നിരുന്നത്.