ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി അമേരിക്കയിലല്ല; അറിയാം സൂററ്റ് ഡയമണ്ട് ബൂർസിനെ പറ്റി...
|9 ടവറുകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ആകെ വിസ്തൃതി 66 ലക്ഷം ചതുരശ്ര അടിയാണ്
ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം എവിടെയാണ്? അമേരിക്കയിൽ പെന്റഗണിന്റെ പേരാണ് പറയാനുദ്ദേശിക്കുന്നതെങ്കിൽ അത് മാറ്റിപ്പറയാൻ തയ്യാറെടുത്തു കൊള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം പുരോഗമിക്കുകയാണ് സൂററ്റിൽ- സൂററ്റ് ഡയമണ്ട് ബൂർസ്.
65000ത്തിലധികം പേർക്ക് ഒരേ സമയം ജോലിയെടുക്കാവുന്ന തരത്തിലാണ് ഓഫീസിന്റെ നിർമാണം. വജ്ര പ്രഫഷണലുകൾക്ക് വേണ്ടിയാണ് ഓഫീസ്. 35 നിലകളിലായി നിർമാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ വജ്രവ്യാപാരികൾ, പോളീഷേഴ്‌സ്, കട്ടേഴ്‌സ് തുടങ്ങി വിവിധ മേഖലയിലുള്ളവരുണ്ടാകും. 9 ടവറുകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ മൊത്തം വിസ്തൃതി 66 ലക്ഷം ചതുരശ്ര അടിയാണ്.
3200 കോടി രൂപയുടെ പദ്ധതി വജ്രവ്യവസായം മാത്രം ലക്ഷ്യമിട്ടാണ് നടപ്പിലാക്കുന്നത്. നിർമാണം പൂർത്തിയായാൽ സൂററ്റിലെ വജ്രവ്യാപാരം ഒരു കുടക്കീഴിലാകും. നിലവിൽ മഹിധർപ ഹീര ബസാർ, വരച്ച ഹീര ബസാർ എന്നിവിടങ്ങളിലാണ് സൂററ്റിൽ പ്രധാനമായും വജ്രവ്യാപാരം നടക്കുന്നത്. ഇവിടെ കാര്യമായ സുരക്ഷാ ക്രമീകരണങ്ങളുമില്ല. ഓഫീസ് കെട്ടിടം വരുന്നതോടെ ബിസിനസ് ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ആളുകളുടെ സമയവും പണവും ലാഭിക്കാനാകുമെന്ന് പദ്ധതിയുടെ സി.ഇ.ഒ മഹേഷ് ഗധാവി പറഞ്ഞു.
നവംബർ 21നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം. സൂററ്റിലെ വജ്രവ്യവസായത്തിന്റെ വളർച്ചയാണ് കെട്ടിടം പ്രതിനിധീകരിക്കുന്നതെന്നും വ്യാപാരം, സഹകരണം എന്നിവയുടെ ഹബ് ആയിരിക്കും ഓഫീസ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അമേരിക്കയുടെ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണാണ് നിലവിൽ ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം.