India
മുന്നാക്ക സംവരണം സുപ്രിംകോടതി ശരിവച്ചു
India

മുന്നാക്ക സംവരണം സുപ്രിംകോടതി ശരിവച്ചു

Web Desk
|
7 Nov 2022 5:42 AM GMT

ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേര്‍ ഭരണഘടനാ ഭേദഗതിയെ പിന്തുണച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി

ന്യൂഡൽഹി: മുന്നാക്ക സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നൽകി സുപ്രിംകോടതി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചത്. ജഡ്ജിമാരിൽ അഞ്ചിൽ മൂന്നുപേര്‍ ഭേദഗതിയെ പിന്തുണച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജികളിലാണ് കോടതി വിധിപറഞ്ഞത്. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലാണ് പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കി കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികൾ. ചീഫ് ജസ്റ്റിസിനും ജ. രവീന്ദ്ര ഭട്ടിനും പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി പാർദിവാല എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികൾ വിധി പറയാൻ മാറ്റുകയായിരുന്നു.

Summary: Validity of 103rd constitution amendment, that approves 10 per cent reservation in all colleges and government jobs for the poorer sections of India's so-called "upper castes", upheld by the constitutional bench of supreme court, chaired by CJI UU Lalit

Similar Posts