ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു
|ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനമാണ് കോൺഗ്രസിന്റെ തകർച്ചക്ക് കാരണമെന്ന് കിരൺ കുമാർ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയാണ് പാർട്ടി അംഗത്വം നൽകി കിരൺ കുമാർ റെഡ്ഡിയെ സ്വീകരിച്ചത്. ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനമാണ് എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ തകർച്ചക്ക് കാരണമെന്ന് കിരൺ കുമാർ പറഞ്ഞു.
അവിഭക്ത ആന്ധ്രാപ്രദേശിന്റേ അവസാന മുഖ്യമന്ത്രിയായിരുന്നു കിരൺ കുമാർ റെഡ്ഡി. രണ്ടാം തവണയും കോൺഗ്രസ് പാർട്ടി അംഗത്വം ഉപേക്ഷിച്ച് എത്തിയ കിരൺ കുമാർ റെഡ്ഡിയെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവർ ചേർന്നാണു സ്വീകരിച്ചത്.
തുടർച്ചയായി ഹൈക്കമാൻഡ് സ്വീകരിക്കുന്ന തെറ്റായ തീരുമാനങ്ങൾ ആണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്ന് കിരൺ കുമാർ റെഡ്ഡി കുറ്റപ്പെടുത്തി.
വൈഎസ്ആറിന് ശേഷം മുഖ്യമന്ത്രി പദത്തിലേക്ക് കിരൺ കുമാർ റെഡ്ഡിയുടെ പേര് കോൺഗ്രസ് പരിഗണിച്ചതും ജഗൻ മോഹൻ റെഡ്ഡിയും കോൺഗ്രസും തമ്മിലുള്ള അകൽച്ച വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ആന്ധ്രാപ്രദേശ് തെലങ്കാന വിഭജനത്തെ തുടർന്ന് 2014ൽ കോൺഗ്രസ് വിട്ട കിരൺ കുമാർ റെഡ്ഡി, ജയ് സമൈക്യാന്ധ്ര എന്ന പാർട്ടി രൂപീകരിച്ചു. അതേവർഷം നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കിരൺ കുമാർ റെഡ്ഡി, പാർട്ടി പിരിച്ച് വിട്ട് 2018ലാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്.