India
പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ
India

പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

Web Desk
|
25 Jan 2022 4:52 PM GMT

ബുദ്ധദേബ് ഭട്ടാചാര്യ പുരസ്കാരം സ്വീകരിക്കില്ലെന്ന് അറിയിച്ചതായി സീതാറാം യെച്ചൂരി

പത്മഭൂഷണ്‍ പുരസ്കാരം നിരസിച്ച് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ. ഭട്ടാചാര്യ പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഭട്ടാചാര്യ ഇപ്പോൾ രോഗബാധിതനായി കിടപ്പിലാണ്. പുരസ്കാരം അദ്ദേഹം സ്വീകരിക്കില്ലെന്ന് രാജ്യസഭാ എംപിയും സി.പി.എം നേതാവുമായ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ഇക്കാര്യം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്ഥിരീകരിച്ചു-

"പത്മഭൂഷൺ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. പുരസ്കാരത്തിന്‍റെ കാര്യം എന്നെ അറിയിച്ചിട്ടില്ല. എനിക്ക് പത്മഭൂഷൺ നൽകുകയാണെങ്കില്‍ അതു സ്വീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു"- എന്ന് ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞെന്നാണ് സീതാറാം യെച്ചൂരിയുടെ ട്വീറ്റ്.

മോദി സര്‍ക്കാരിനെ എന്നും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് നല്‍കിയ പുരസ്കാരം സി.പി.എം നേതാക്കളെ ആശ്ചര്യപ്പെടുത്തുന്നു. 2000ലാണ് ബുദ്ധദേബ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായത്. 1977ൽ ഇൻഫർമേഷൻ ആന്റ്‌ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പ്‌ മന്ത്രിയായും 1987ൽ ഇൻഫർമേഷൻ ആന്റ്‌ കൾച്ചറൽ അഫിലേഷ്യന്‍സ് മന്ത്രിയായും 1996ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു.

പ്രതിപക്ഷത്തെ മറ്റൊരു ശക്തനായ നേതാവിനും ഇത്തവണ പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയിട്ടുണ്ട്- മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്. ജമ്മു കശ്മീരിൽ നിന്നുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് പുരസ്‌കാരം ലഭിച്ചത് കോൺഗ്രസിനുള്ളിലെ നേതൃത്വ പ്രശ്‌നങ്ങൾക്കിടയിലാണ്. കോണ്‍ഗ്രസില്‍ സമൂലമാറ്റം വേണമെന്ന് വാദിക്കുന്ന നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് "24 കാരറ്റ് കോൺഗ്രസുകാരൻ" എന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി നല്‍കിയത്.

Similar Posts