സീറ്റില്ല; കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി ബി.ജെ.പി വിട്ടു
|'2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഞാൻ കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാതെ വീട്ടിലിരുന്നു. ബി.ജെ.പി നേതാക്കൾ അത് മനസ്സിലാക്കിയാൽ കൊള്ളാം'
ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി ബി.ജെ.പി അംഗത്വം രാജിവെച്ചു. നിയമസഭാ കൌണ്‍സില്‍ അംഗത്വവും രാജിവെച്ചു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് തീരുമാനം.
2003 മുതല്‍ 2018 വരെ എം.എല്‍.എയായിരുന്ന ലക്ഷ്മണ്‍ സാവഡി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു- "എന്റെ സ്വന്തം മണ്ഡലമായ അത്താണിയിൽ പാർട്ടി ടിക്കറ്റ് ലഭിക്കാത്തതിൽ വേദനയുണ്ട്. മൂന്ന് പതിറ്റാണ്ടോളം ഞാൻ ബി.ജെ.പിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചു. ഞാൻ ഇപ്പോൾ പൂർണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. ഇത് സങ്കടകരമാണ്''.
ഏപ്രിൽ 13ന് അത്താണിയിൽ അനുയായികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഭാവി തീരുമാനം ആ യോഗത്തിനു ശേഷം വ്യക്തമാക്കുമെന്നും ലക്ഷ്മണ്‍ സാവഡി പറഞ്ഞു- "ഞാൻ ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരനാണ്. ഞാൻ അധികാരത്തിന് പിന്നാലെയല്ല. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഞാൻ കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാതെ വീട്ടിലിരുന്നു. എന്റെ സേവനം അംഗീകരിക്കപ്പെടണമെന്നു മാത്രം. ബി.ജെ.പി നേതാക്കൾ ഇത് മനസ്സിലാക്കിയാൽ കൊള്ളാം. 2019ലെ ഉപതെരഞ്ഞെടുപ്പിന് മുമ്പ് നേതാക്കള്‍ എന്റെ വീട്ടിലെത്തി, 2023ൽ എന്നെ സ്ഥാനാർഥിയാക്കുമെന്ന് വാക്ക് നൽകിയിരുന്നു. ഇപ്പോൾ പാർട്ടി ആ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി".
മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ഇടഞ്ഞുനില്‍ക്കുകയാണ്. മറ്റുള്ളവർക്കായി വഴിമാറണമെന്ന് പാർട്ടി തന്നോട് ആവശ്യപ്പെടുകയും സ്ഥാനാര്‍ഥിയാക്കില്ലെന്ന് സൂചന നല്‍കുകയും ചെയ്തതിൽ അസ്വസ്ഥനാണെന്ന് ജഗദീഷ് ഷെട്ടാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹുബ്ബള്ളി എം.എൽ.എയായ ഷെട്ടാർ ആറ് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നൽവാദിനെ പരാജയപ്പെടുത്തിയത്.
"കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാൻ വിജയിച്ചത്. എന്റെ മൈനസ് പോയിന്റുകൾ എന്തൊക്കെയാണ്? എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്? എന്നെ മത്സരിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് പറയുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കത് നല്ലതായിരിക്കില്ല"- 2012ൽ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.
തനിക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു- "ഞാൻ ബി.ജെ.പിയോട് വിശ്വസ്തത കാണിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ സർവേയില്‍ പോലും എനിക്ക് മുൻതൂക്കമുണ്ട്. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ വിളി വന്നതോടെ ഞാൻ നിരാശനാണ്".
മകൻ കെ.ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതോടെ മുൻ ഉപമുഖ്യമന്ത്രി കൂടിയായ കെ.എസ് ഈശ്വരപ്പയും അതൃപ്തി പരസ്യമാക്കിയിരുന്നു. 40 വർഷത്തെ പാർലമെന്‍ററി പാർട്ടി പ്രവർത്തനത്തിൽ നിന്നും പിന്മാറുന്നുവെന്നും ഒരു സീറ്റിലേക്കും തന്നെ പരിഗണിക്കേണ്ടെന്നും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയ്ക്കയച്ച കത്തിൽ ഈശ്വരപ്പ വ്യക്തമാക്കി- "കഴിഞ്ഞ 40 വർഷത്തിനിടയിൽ പാർട്ടി എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകി. ഒരു ബൂത്ത് ഇൻചാർജിൽ നിന്ന് സംസ്ഥാനത്ത് പാർട്ടി അധ്യക്ഷനായി ഞാൻ വളര്‍ന്നു. ഉപമുഖ്യമന്ത്രിയായി. ഞാന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ല. എന്‍റെ സ്വന്തം തീരുമാനമാണിത്"- ഈശ്വരപ്പ കത്തില്‍ വ്യക്തമാക്കി.
ആദ്യ ഘട്ട പട്ടികയില്‍ 189 പേര്‍
ബി.ജെ.പിയുടെ ആദ്യ ഘട്ട പട്ടികയിലെ 189 സ്ഥാനാർത്ഥികളിൽ 52 പേര്‍ പുതുമുഖങ്ങളാണ്. നിരവധി സിറ്റിംഗ് എം.എൽ.എമാരെ മാറ്റിയാണ് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആദ്യ ഘട്ട പട്ടിക ബി.ജെ.പി പുറത്തിറക്കിയത്. അഴിമതി ആരോപണം നേരിട്ട ഈശ്വരപ്പയ്ക്കോ മകനോ പാർട്ടി സീറ്റ് ഒന്നാം ഘട്ടത്തിൽ നൽകിയിട്ടില്ല. ഈശ്വരപ്പ പ്രതിനിധാനം ചെയ്തിരുന്ന ശിവമോഗ മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം ബി.ജെ.പി നടത്താത്തത് പ്രശ്ന പരിഹാരത്തിനായുള്ള അവസാന ശ്രമം എന്ന നിലയിൽ ആണ്. ഇടഞ്ഞ് നിന്ന മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകന് ശേഷിക്കുന്ന ഏതെങ്കിലും സീറ്റ് നൽകാനും സാധ്യത ഉണ്ട്.
മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഷിവോഗയിൽ നിന്ന് മത്സരിക്കുമ്പോൾ മന്ത്രിമാരായ അഗര ജ്ഞാനേന്ദ്ര തീർഥഹള്ളിയിൽ നിന്നും ഡോ.അശ്വത് നാരായണൻ മല്ലേശ്വരത്ത് നിന്നും ആർ അശോക കനകപുരയില്‍ നിന്നും ജനവിധി തേടും. കനകപുരയിൽ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ ആണ് അശോകയുടെ എതിർ സ്ഥാനാർഥി. കോൺഗ്രസ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വരുണയിൽ നേരിടാൻ വി സോമണ്ണയെ ആണ് ബി.ജെ.പി രംഗത്ത് ഇറക്കിയിരിക്കുന്നത്. ശേഷിക്കുന്ന സ്ഥാനാർഥികളെ കണ്ടെത്താൻ നിർണായക യോഗങ്ങൾ ഇന്ന് നടക്കും. ആദ്യ ലിസ്റ്റിലെ വനിതാ പ്രാതിനിധ്യം 8 ആണ്.
Summary- Former Karnataka Deputy Chief Minister Laxman Savadi resigned from the Bharatiya Janata Party (BJP) on Wednesday after being denied a ticket to contest the upcoming Assembly elections