India
ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത വ്യാജപ്രചാരണം; ഉത്തരകാശി അക്രമത്തിൽ ആശങ്ക അറിയിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥർ
India

ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത വ്യാജപ്രചാരണം; ഉത്തരകാശി അക്രമത്തിൽ ആശങ്ക അറിയിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥർ

Web Desk
|
13 Jun 2023 5:00 PM GMT

അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥർ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അയച്ച കത്തിൽ ചൂണ്ടിക്കാട്ടി

ഡൽഹി: ഉത്തരകാശിയിലെ അക്രമത്തിൽ ആശങ്ക അറിയിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥർ. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഉദ്യോഗസ്ഥർ കത്തയച്ചു. 52 മുൻ ഐഎഎസ് ഉദ്യോഗസ്ഥരാണ് കത്തയച്ചത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ സംഘടിത വ്യാജ പ്രചാരണമാണ് നടക്കുന്നത്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥർ കത്തിൽ ചൂണ്ടിക്കാട്ടി. ഭീഷണിയെ തുടർന്ന് പുരോലയിൽ നിന്ന് പോയവരെ തിരികെയെത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉത്തരാഖണ്ഡിൽ മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുന്നതിനിടെ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് മതനേതാക്കൾ. ജൂൺ 18നാണ് പ്രതിഷേധ സംഗമം നടത്താൻ തീരുമാനം. ഉത്തരകാശിയിൽ മുസ്‌ലിം വ്യാപാരികളെ ഒഴിപ്പിക്കുകയും സമുദായത്തെ ലക്ഷ്യമാക്കി വർഗീയ ആക്രമണം തുടരുകയും ചെയ്യുന്നതിനിടെയാണ് നേതാക്കളുടെ ഇടപെടൽ.

ഇതിനിടെ, വിഭജനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്കും കത്തയച്ചു. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വ്യാഴാഴ്ച നടക്കുന്ന മഹാപഞ്ചായത്ത് തടയണമെന്നും ജംഇയ്യത്ത് പ്രസിഡന്റ് മൗലാന മഹമൂദ് മദനി ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഡേറാഡൂൺ ഖാദി മുഹമ്മദ് അഹ്മദ് ഖാസ്മിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുസ്‌ലിം നേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു. ഇതിലാണ് മഹാപഞ്ചായത്ത് വിളിച്ചുചേർക്കാൻ തീരുമാനമായിരിക്കുന്നത്. 18ന് ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലാണ് സംഗമം നടക്കുകയെന്നാണ് വിവരം. ഡേറാഡൂണിനു പുറമെ ഹരിദ്വാർ, ഉദ്ദംസിങ് നഗർ, ഹൽദ്വാനി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ മഹാപഞ്ചായത്തിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതിയുടെ ഭാഗമായ മുസ്‌ലിം സേവാ സംഘം മീഡിയ ഇൻചാർജ് വസീം അഹ്മദ് പറഞ്ഞു.

മേയ് 26ന് 14കാരിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മുസ്‍ലിംകളെ തിരഞ്ഞെടുപിടിച്ച് സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. സംഭവത്തില്‍ ഉത്തരകാശിയിലെ പുരോള മാർക്കറ്റിൽ കച്ചവടക്കാരനായ ഉബേദ് ഖാൻ, മോട്ടോർ സൈക്കിൾ മെക്കാനിക്കായ ജിതേന്ദർ സൈനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് 'ലവ് ജിഹാദ്' നീക്കമാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘങ്ങൾ തെരുവിലിറങ്ങിയത്.

Similar Posts