India
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; മത്സരിക്കാനൊരുങ്ങി മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിൻ്റെ പിതാവ്
India

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; മത്സരിക്കാനൊരുങ്ങി മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിൻ്റെ പിതാവ്

Web Desk
|
31 Oct 2024 11:22 AM GMT

ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കർ. അഹമ്മദ്‌നഗർ ജില്ലയിലെ ഷെവ്‌ഗാവ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുക. ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദിലീപ് ഖേദ്കർ മത്സരിച്ചിരുന്നു.

നേരത്തെ ഒരു അഭിമുഖത്തിൽ താനും അമ്മയും അച്ഛൻ ദിലീപുമായി വേർപിരിഞ്ഞതായി പൂജ ഖേദ്കർ അവകാശപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ മനോരമ ഖേദ്കർ തൻ്റെ ഭാര്യയാണെന്ന് ദിലീപ് പരാമർശിച്ചിരുന്നു. ഈ സത്യവാങ്മൂലം പ്രകാരം ദമ്പതികൾക്ക് 40 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഖേദ്കർ തൻ്റെ ഭാര്യയുടെ പേരും വരുമാനവും സ്വത്ത് വിവരങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി യുപിഎസ്‌സി പരീക്ഷ എഴുതിയെന്ന ആരോപണത്തെത്തുടർന്ന് പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് കേന്ദ്ര സർക്കാർ പുറത്താക്കിയിരുന്നു. ഐഎഎസ് നേടാനായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനായിരുന്നു നടപടി. വ്യാജ മെഡിക്കൽ, ഒബിസി സർട്ടിഫിക്കറ്റുകളാണ് ഇവർ ഹാജരാക്കിയിരുന്നത്. നേരത്തേ ഇവരുടെ ഐഎഎസ് സർക്കാർ റദ്ദാക്കിയിരുന്നു.

2020-2021 വരെ ഇവർ ഒബിസി ക്വാട്ടയിൽ പൂജ ദിലീപ്റാവു ഖേദ്ഖർ എന്ന പേര് ഉപയോഗിച്ചാണ് പരീക്ഷ എഴുതിയിരുന്നത്. 2021-22 കാലയവളിലെ പരീക്ഷകളിൽ തിരിച്ചടി നേരിട്ടശേഷം ഇവർ ഭിന്നശേഷി വിഭാഗക്കാർക്കുള്ള പിഡബ്ല്യുബിഡി ​ക്വാട്ടയിൽ പരീക്ഷ എഴുതുകയായിരുന്നു. ഈ സമയത്ത് അവർ പൂജ മനോരമ ദിലീപ് ഖേദ്ഖർ എന്ന പേരാണ് ഉപയോഗിച്ചത്. തുടർന്ന് അവർ 821ാം റാങ്ക് നേടി പരീക്ഷ പാസാവുകയും ചെയ്തു.

Similar Posts