India
കോണ്‍ഗ്രസിലെ പൊട്ടിത്തെറി തുടരുന്നു; മുകുള്‍ സാഗ്മ തൃണമൂലില്‍ ചേര്‍ന്നേക്കും
India

കോണ്‍ഗ്രസിലെ പൊട്ടിത്തെറി തുടരുന്നു; മുകുള്‍ സാഗ്മ തൃണമൂലില്‍ ചേര്‍ന്നേക്കും

Web Desk
|
1 Oct 2021 2:03 PM GMT

ഗോവയില്‍ ലൂസിഞ്ഞോ ഫെലോറിയോ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഈ നീക്കം

മേഘാലയയിലെ പ്രതിപക്ഷ നേതാവ് മുകുള്‍ സാഗ്മ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. സാഗ്മയ്ക്ക് പുറമെ മേഘാലയിലെ 13 കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവയില്‍ ലൂസിഞ്ഞോ ഫെലോറിയോ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഈ നീക്കം.

കപില്‍ സിബലിന്റെ വീട്ടിലേക്ക് നടന്ന ഈ പ്രതിഷേധ മാര്‍ച്ച് കോണ്‍ഗ്രസിലെ വിമതഗ്രൂപ്പില്‍ വലിയ ഐക്യത്തിനാണ് ഇടയാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയേയും ചൂറ്റും നില്‍ക്കുന്നവരെയും പരസ്യമായി ലക്ഷ്യം വച്ചാണ് എതിര്‍പ്പുയര്‍ത്തുന്നവരുടെ നീക്കം. അടുത്തയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം സ്ഥിരം അംഗങ്ങളുടേത് മാത്രമായി ചുരുക്കണമെന്ന് ഗുലാംനബി ആസാദ് കത്ത് നല്‍കിയിരുന്നു. നേരത്തെ വിളിച്ച യോഗം വിപുല യോഗം എന്ന പേരിലാണ് നടന്നത്. യോഗത്തിലേക്ക് 20 സ്ഥിരം അംഗങ്ങള്‍ക്ക് പുറമെ ക്ഷണിതാക്കളെയും പോഷക സംഘടന നേതാക്കളെയും വിളിച്ചിരുന്നു.

ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് എന്നീ എതിര്‍പ്പുയര്‍ത്തുന്ന നേതാക്കള്‍ പ്രവര്‍ത്തകസമിതിയിലെ സ്ഥിരം അംഗങ്ങളാണ്. കഴിഞ്ഞ യോഗത്തില്‍ ചില യുവ നേതാക്കള്‍ ഇവര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. മൗനമാണ് നല്ലത് എന്ന പി ചിദംബരത്തിന്റെ ഇന്നലത്തെ പ്രസ്താവനയും അതൃപ്തിയുടെ സൂചനയായി. പഞ്ചാബിലെ അസ്ഥിരതയ്ക്ക് എഐസിസിക്കാണ് ഉത്തരവാദിത്തം എന്ന് മനീഷ് തിവാരി ആഞ്ഞടിച്ചു. നേതൃത്വത്തെ ചില നിക്ഷിപ്ത താല്‍്പര്യക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഇവര്‍ എതിര്‍പ്പുയര്‍ത്തുന്നവരെ കലാപകാരികളെന്ന് ചിത്രീകരിക്കുന്നു എന്നും മനീഷ് തിവാരി ആരോപിച്ചു.

അതേസമയം, പഞ്ചാബില്‍ പാര്‍ട്ടി പ്രതിസന്ധിയില്‍പെട്ട് ഉഴലുന്നതിനിടെ നേതാക്കള്‍ പൊതു സംസാരം കുറക്കാനും പാര്‍ട്ടിക്കകത്തെ സംസാരം കൂട്ടാനും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ രംഗത്തെത്തിയിരുന്നു . പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ കോണ്‍ഗ്രസ് ഭടന്‍ എന്ന് വിശേഷിപ്പിച്ച അവര്‍ കോണ്‍ഗ്രസ് വിടാനുള്ള തന്റെ തീരുമാനം അദ്ദേഹം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. 'ഏറെ ആദരിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് അമരീന്ദര്‍ സിങ്. വളരെയേറെക്കാലം കോണ്‍ഗ്രസ് നേതാവും ഒന്‍പത് വര്‍ഷം മുഖ്യമന്ത്രിയുമായ വ്യക്തിയാണ് അദ്ദേഹം.

മാറ്റമെന്നത് ജീവന്റെ ഭാഗമാണ്. പഞ്ചാബില്‍ ഒരു നേതൃമാറ്റം വേണമെന്നത് എം.എല്‍.എ മാരുടെ ആവശ്യമായിരുന്നു. അതാണ് ഞങ്ങള്‍ ചെയ്തത്.' സുപ്രിയ ശ്രിനാതെ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദര്‍ സിങിനെ മാറ്റിയതിനെ തുടര്‍ന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും നവജ്യോത് സിങ് സിദ്ദു രാജിവെച്ചതിനെ തുടര്‍ന്നും പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുകയാണ്. കോണ്‍ഗ്രസില്‍ തുടരില്ലെന്ന് പറഞ്ഞ അമരീന്ദര്‍ സിങ് താന്‍ ബി.ജെ.പിയിലേക്ക് പോവുകയില്ലെന്നും വ്യക്തമാക്കി. പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും സിദ്ദു രാജിവെച്ചത് അഭിപ്രായവ്യത്യാസം മൂലമാണെന്ന് പറഞ്ഞ സുപ്രിയ ശ്രിനാതെ അദ്ദേഹം ശ്രേഷ്ഠനായ സഹപ്രവര്‍ത്തകനാണെന്നും പറഞ്ഞു.

Related Tags :
Similar Posts