'അജ്ഞാത യോഗിക്ക് രഹസ്യ വിവരങ്ങള്‍ കൈമാറി': എന്‍.എസ്.ഇയുടെ മുന്‍ സി.ഇ.ഒയെ സി.ബി.ഐ ചോദ്യംചെയ്തു
|രാജ്യം വിടുന്നത് വിലക്കി ലുക്ക് ഔട്ട് നോട്ടീസ്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചിത്ര രാമകൃഷ്ണയെ സി.ബി.ഐ ചോദ്യംചെയ്യുന്നു. ടിക് ബൈ ടിക് കൃത്രിമം സംബന്ധിച്ച കേസില്‍ മുംബൈയില്‍ വെച്ചാണ് സി.ബി.ഐ ചിത്രയെ ചോദ്യംചെയ്യുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്‍.എസ്.ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അജ്ഞാതനായ യോഗിക്ക് ചിത്ര രാമകൃഷ്ണ കൈമാറിയിരുന്നുവെന്ന് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തിനിടെ വ്യക്തമായിരുന്നു.
ചിത്ര രാമകൃഷ്ണ, എന്‍.എസ്.ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യം, എന്‍.എസ്.ഇയുടെ മുന്‍ സി.ഇ.ഒ രവി നരെയ്ന്‍ എന്നിവരോട് രാജ്യം വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മൂവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചിത്ര രാമകൃഷ്ണയുടെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു.
2010-14 കാലത്തെ ടിക് ബൈ ടിക് കൃത്രിമവുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചിത്ര രാമകൃഷ്ണ അജ്ഞാതന് എന്‍.എസ്.ഇയിലെ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍. എൻ.എസ്.ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കര്‍ക്ക് മറ്റ് ബ്രോക്കർമാരേക്കാള്‍ വേഗത്തില്‍ മാർക്കറ്റ് ഫീഡ് ആക്‌സസ് ലഭിച്ചു. ഇതിലൂടെ അവര്‍ ട്രേഡിങില്‍ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിന്‍റെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട എന്‍.എസ്.ഇ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് കണ്ടെത്തിയിട്ടില്ല.
അതിനിടെയാണ് ഈ ഫെബ്രുവരി 11ന് ചിത്ര രാമകൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്ക് പിഴ വിധിച്ച് സെബിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. 2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സിഇഒയും മാനേജിങ് ഡയറക്‌ടറുമായിരുന്ന ചിത്ര രാമകൃഷ്ണ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിവെച്ചത്. 2014-16 കാലത്ത് ചിത്ര രാമകൃഷ്ണ ഇ മെയിലിലൂടെ അവര്‍ ഹിമായലത്തിലെ യോഗിയെന്ന് വിളിക്കുന്ന അജ്ഞാത വ്യക്തിയുമായി എന്‍.എസ്.ഇയുടെ ഭാവി പദ്ധതികള്‍, ഡിവിഡന്‍റ് പേ ഔട്ട് റേഷ്യോ, ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ തുടങ്ങി ഡയറക്ടര്‍ ബോര്‍ഡിന്‍റെ അജണ്ടകള്‍ വരെ പങ്കുവെച്ചിരുന്നുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. ഗ്രൂപ്പ് ഓപ്പറേറ്റിങ് പദവിയിലേക്ക് വേണ്ടത്ര പ്രവൃത്തി പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചതും അജ്ഞാത വ്യക്തിയുടെ നിര്‍ദേശ പ്രകാരമാണെന്ന് സെബി കണ്ടെത്തി. ഇരുവരും തമ്മിലുള്ള ഇ മെയില്‍ ആശയവിനിമയങ്ങള്‍ പരിശോധിച്ചപ്പോഴാണ് എന്‍.എസ്.ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചിത്ര ഒരു അജ്ഞാതനു കൈമാറിയത് വ്യക്തമായത്.
20 വര്‍ഷം മുന്‍പ് ഗംഗാ തീരത്തുവെച്ചാണ് താന്‍ യോഗിയെ കണ്ടതെന്നും അന്നുമുതല്‍ താന്‍ യോഗിയുടെ മാര്‍ഗനിര്‍ദേശം തേടാറുണ്ടെന്നുമാണ് ചിത്ര രാമകൃഷ്ണ സെബി അന്വേഷണത്തിനിടെ പറഞ്ഞത്. ക്രമക്കേടുകള്‍ വ്യക്തമായതോടെ ചിത്ര രാമകൃഷ്ണയ്ക്ക് സെബി മൂന്നു കോടി രൂപയും ആനന്ദ് സുബ്രഹ്മണ്യത്തിനും രവി നരെയ്നും 2 കോടി രൂപ വീതവും സെബി പിഴ വിധിക്കുകയുണ്ടായി.