India
എന്‍.എസ്.ഇയിലെ രഹസ്യ വിവരങ്ങള്‍ ഹിമാലയന്‍ യോഗിക്ക് കൈമാറിയ സംഭവം: ചിത്ര രാമകൃഷ്ണ അറസ്റ്റില്‍
India

എന്‍.എസ്.ഇയിലെ രഹസ്യ വിവരങ്ങള്‍ 'ഹിമാലയന്‍ യോഗി'ക്ക് കൈമാറിയ സംഭവം: ചിത്ര രാമകൃഷ്ണ അറസ്റ്റില്‍

Web Desk
|
7 March 2022 2:18 AM GMT

സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്

നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ (എൻഎസ്ഇ) ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. സിബിഐ ഇന്നലെ രാത്രിയാണ് ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തത്. സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

'ഹിമാലയൻ യോഗി' എന്ന് വിളിക്കുന്ന വ്യക്തിയുമായി എന്‍.എസ്.ഇയുടെ രഹസ്യ വിവരങ്ങൾ പങ്കുവെച്ചതുൾപ്പെടെ ഗുരുതരമായ ക്രമക്കേടുകളാണ് ചിത്ര രാമകൃഷ്ണക്കെതിരെ നേരത്തെ സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും പിന്നാലെ സിബിഐയും കണ്ടെത്തിയത്. വ്യക്തിപരമായും എന്‍എസ്ഇയിലെ കാര്യങ്ങളിലും യോഗിയുടെ ഉപദേശം തേടാറുണ്ടായിരുന്നുവെന്ന് ചിത്ര രാമകൃഷ്ണ നേരത്തെ സെബിയുടെ അന്വേഷണത്തിനിടെ സമ്മതിച്ചിരുന്നു. ഇ മെയില്‍ വഴിയാണ് യോഗിയുമായി സംസാരിച്ചിരുന്നതെന്നും ചിത്ര മൊഴി നല്‍കി. എന്‍.എസ്.ഇയിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ യോഗി ഇടപെട്ടു. ചിത്ര രാമകൃഷ്ണയിലൂടെ എന്‍.എസ്.ഇയെ നിയന്ത്രിച്ച 'ഹിമാലയത്തിലെ യോഗി' മുൻ ഗ്രൂപ്പ് ഓപറേറ്റിങ് ഓഫിസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. യോഗിയെന്ന് പറഞ്ഞ് ചിത്ര രാമകൃഷ്ണ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് സിബിഐയുടെ ഇപ്പോഴത്തെ നിഗമനം.

നേരത്തെ മൂന്നു ദിവസം ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങൾ നൽകാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിയിൽ വാദിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ചിത്രക്കെതിരെ ഉയര്‍ന്നതെന്നും സത്യം കണ്ടെത്താന്‍ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാൾ നിരീക്ഷിച്ചു. 2013 ഏപ്രിൽ മുതൽ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എന്‍എസ്ഇ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചത്. വേണ്ടത്ര പ്രവര്‍ത്തന പരിചയമില്ലാത്ത ആനന്ദ് സുബ്രഹ്മണ്യന്‍റെ നിയമനം, സ്ഥാനക്കയറ്റം, ഉയര്‍ന്ന ശമ്പളം എന്നിവയിലെല്ലാം ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയ സെബി ചിത്ര രാമകൃഷ്ണയ്ക്ക് പിഴ ചുമത്തിയിരുന്നു.

എന്‍എസ്ഇയിലെ കോ ലൊക്കേഷന്‍ ക്രമക്കേടിലും സിബിഐ അന്വേഷണം നടക്കുന്നുണ്ട്. എന്‍.എസ്.ഇയുടെ സെര്‍വറുകളില്‍ നിന്ന് ചില ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. എൻ.എസ്.ഇയുടെ സെർവർ റൂമിൽ തന്നെ കമ്പ്യൂട്ടർ സ്ഥാപിച്ച് ഒരു ബ്രോക്കര്‍ക്ക് മറ്റ് ബ്രോക്കർമാരേക്കാള്‍ വേഗത്തില്‍ മാർക്കറ്റ് ഫീഡ് ആക്‌സസ് ലഭിച്ചു. ഇതിലൂടെ അവര്‍ ട്രേഡിങില്‍ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി. സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിന്‍റെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയതെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്

ഇന്നലെ രാത്രി ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത ചിത്ര രാമകൃഷ്ണയെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. ചിത്ര രാമകൃഷ്ണയെയും ആനന്ദ് സുബ്രഹ്മണ്യനെയും സിബിഐ ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.

Similar Posts