മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന് ഹാജരാകാൻ കോടതി സമയം നീട്ടി നൽകി
|വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി കെജ്രിവാൾ ഇന്ന് ഓൺലൈൻ ആയാണ് കോടതിയില്‍ ഹാജരായത്
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാൻ കോടതി സമയം നീട്ടി നൽകി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിർദേശിച്ചു.നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി കെജ്രിവാൾ ഇന്ന് ഓൺലൈൻ ആയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഹാജരായത്.
മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമൻസും അയച്ചതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം. അറസ്റ്റിലാകുമെന്ന സൂചനകൾ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്രിവാൾ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടുന്നത്. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരുണ്ട്. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്ന് കെജ്രിവാൾ ആരോപണമുയർത്തിയിരുന്നു.
പാർട്ടി വിടുന്ന ഓരോ എംഎൽഎമാർക്കും 25 കോടി രൂപ വാഗ്ദാനം എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് വിശ്വാസവട്ടെടുപ്പ് തേടാനുള്ള തീരുമാനം. മറ്റന്നാൾ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത് .കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കെജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ