India
Trends defy exit poll predictions as INDIA shines in Lok Sabha results 2024, Lok Sabha 2024, Elections 2024, Lok Sabha election results 2024
India

എക്സിറ്റ് പോളുകളെ തിരുത്തിയ ജനവിധി; ദേശീയ മാധ്യമങ്ങള്‍ക്കു കണക്കു പിഴച്ചതിങ്ങനെ

Web Desk
|
4 Jun 2024 10:45 AM GMT

ദേശീയ മാധ്യമങ്ങളെല്ലാം മോദിയുടെ '400 പാർ' മുദ്രാവാക്യം ഏറ്റുപിടിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടപ്പോൾ ഇൻഡ്യ അധികാരത്തിലേറുമെന്നു പ്രവചിച്ച് ഡി.ബി ലൈവ് എന്നൊരു മാധ്യമം മാത്രം വേറിട്ടുനിന്നു

ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ജനവിധിയാണ് ഇന്നു പുറത്തുവന്നത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പിന്നാലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെടുപ്പിന്റെ ആദ്യഘട്ടം വരെയും മോദി തരംഗം വീണ്ടും ആഞ്ഞടിക്കുമെന്ന പൊതുവികാരമായിരുന്നു പരക്കെയുണ്ടായിരുന്നത്. എന്നാൽ, വോട്ടെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ഇൻഡ്യ മുന്നണിക്ക് പ്രതീക്ഷ പകരുന്ന തരത്തിലുള്ള വാർത്തകളും വന്നു തുടങ്ങി. മോദിയും അമിത് ഷായും സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് വർഗീയത ആളിക്കത്തിക്കാൻ നോക്കിയത് അതിന്റെ അനുരണനമാണെന്ന വിലയിരുത്തലുമുണ്ടായി.

എന്നാൽ, ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പും പൂർത്തിയായ ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ആ പ്രതീക്ഷകളെ മുഴുവൻ തല്ലിക്കെടുത്തുന്നതായിരുന്നു. മോദിയുടെ 400 മോഹം യാഥാർഥ്യമായി പുലരുമെന്ന് മിക്ക പോളുകളും പ്രവചിച്ചു. വൻ ഭൂരിപക്ഷത്തിന് മോദിക്കു മൂന്നാമൂഴം ലഭിക്കുമെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ ഒന്നൊഴിയാതെ പ്രവചിച്ചത്. ഇൻഡ്യയ്ക്ക് അധികാരം ലഭിക്കുമെന്ന് പ്രവചിച്ച് ഡി.ബി ലൈവ് എന്നൊരു മാധ്യമം മാത്രം തീർത്തും വ്യത്യസ്തമായ പ്രവചനവുമായി വേറിട്ടുനിന്നു.

എന്നാൽ, ദേശീയ മാധ്യമങ്ങളുടെ ഒറ്റക്കെട്ടായ പ്രവചനം അപ്പാടെ പൊളിച്ചായിരുന്നു ഇന്ന് വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെ ആരോപിച്ച തരത്തിൽ 'മോദി മീഡിയ പോൾ' ആയി ഒതുങ്ങുകയായിരുന്നു എക്‌സിറ്റ് പോളുകളെല്ലാം. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവര പ്രകാരം 296 സീറ്റുമായി സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം മാത്രമാണ് എൻ.ഡി.എയ്ക്കു ലഭിച്ചത്. ഇൻഡ്യ സഖ്യം എല്ലാവരെയും ഞെട്ടിച്ച് 230 സീറ്റുമായി സർക്കാർ രൂപീകരണ സാധ്യതകൾ തുറന്നിരിക്കുകയാണ്.

ഈ സമയത്ത് എക്‌സിറ്റ് പോളുകളുടെ പ്രവചനം എങ്ങനെയായിരുന്നുവെന്നു പരിശോധിക്കാം.

ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ

മോദിയുടെ 'ചാർ സൗ പാർ' മുദ്രാവാക്യം ആവർത്തിക്കുന്ന തരത്തിലായിരുന്നു ഇത്തവണ ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ. 400നു മീതെയാണ് എൻ.ഡി.എയ്ക്കു ഭൂരിപക്ഷം പ്രവചിച്ചത്. ലോക്‌സഭാ ചരിത്രത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമാകുമെന്ന് എക്‌സിറ്റ് പോളിൽ പ്രവചനമുണ്ടായിരുന്നു.

ബി.ജെ.പിക്ക് മാത്രം 322 മുതൽ 340 വരെ സീറ്റായിരുന്നു പോളിൽ പറഞ്ഞിരുന്നത്. 2019ലെ 303ൽനിന്നാണ് ബി.ജെ.പിയുടെ ഈ കുതിപ്പ് പ്രവചിച്ചത്. സഖ്യകക്ഷികൾക്ക് 39 മുതൽ 61 വരെ സീറ്റും ലഭിക്കുമെന്ന് എക്‌സിറ്റ് പോളിൽ അവകാശപ്പെട്ടു.

കോൺഗ്രസിനു നൽകിയത് 60 മുതൽ 76 വരെ സീറ്റായിരുന്നു. സഖ്യകക്ഷികൾക്ക് 71-90 സീറ്റും ലഭിക്കാനിടയുണ്ടെന്ന് എക്‌സിറ്റ് പോൾ സൂചിപ്പിച്ചു.

ന്യൂസ്24-ടുഡേസ് ചാണക്യ

ആക്‌സിസ് പ്രവചനം പോലെ തന്നെ ന്യൂസ്24-ടുഡേസ് ചാണക്യയും മോദിയുടെ 400 സീറ്റ് അവകാശവാദം ശരിവയ്ക്കുകയായിരുന്നു എക്‌സിറ്റ് പോൾ റിപ്പോർട്ടിലൂടെ. ഇൻഡ്യ മുന്നണിക്ക് പ്രവചിച്ചത് നൂറു സീറ്റുമായിരുന്നു.

ന്യൂസ്18 മെഗാ എക്‌സിറ്റ് പോൾ

355 മുതൽ 370 വരെ സീറ്റുമായി മോദി തകർപ്പൻ ഭൂരിപക്ഷത്തോടെ മൂന്നാമൂഴം ഉറപ്പാക്കുമെന്നാണ് ന്യൂസ്18 മെഗാ എക്‌സിറ്റ് പോൾ പ്രവചിച്ചത്. ഇൻഡ്യയ്ക്ക് 125 മുതൽ 140 സീറ്റ് വരെയും ലഭിക്കുമെന്നും പോൾ ഫലം ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് 315 വരെ സീറ്റ് ലഭിക്കുമെന്നും കോൺഗ്രസ് 72 സീറ്റ് വരെയേ എത്തുകയുള്ളൂവെന്നും പ്രവചനമുണ്ടായിരുന്നു.

എ.ബി.പി-സി വോട്ടർ

353 മുതൽ 383 വരെ സീറ്റാണ് എ.ബി.പി-സി വോട്ടർ എൻ.ഡി.എയ്ക്കു പ്രവചിച്ചത്; ഇൻഡ്യയ്ക്ക് 152 മുതൽ 182 വരെയും ബാക്കിയുള്ളവർക്ക് 12 വരെയും സീറ്റും. വോട്ടിങ് ശതമാനക്കണക്കിൽ എൻ.ഡി.എയ്ക്ക് 45ഉം ഇൻഡ്യയ്ക്ക് 40ഉം എക്‌സിറ്റ് പോൾ പറഞ്ഞു.

മറ്റ് എക്‌സിറ്റ് പോളുകൾ

റിപബ്ലിക് ഭാരത്-പി മാർക്യൂ: എൻ.ഡി.എ 359, ഇൻഡ്യ 154

ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക്‌സ്: എൻ.ഡി.എ 371, ഇൻഡ്യ 125

റിപബ്ലിക് ഭാരത്-മാട്രിസ്: എൻ.ഡി.എ 353-368, കോൺഗ്രസ് 154

ദൈനിക് ഭാസ്‌കർ: എൻ.ഡി.എ 281-350, കോൺഗ്രസ്

ന്യൂസ് നേഷൻ: എൻ.ഡി.എ 342-378, കോൺഗ്രസ് 153-169

ജൻ കി ബാത്: എൻ.ഡി.എ 362-392, കോൺഗ്രസ് 151

ഒഴുക്കിനെതിരെ നീന്തി ഡി.ബി ലൈവ്

ദേശീയ മാധ്യമങ്ങൾ ഒന്നാകെ മോദി തരംഗം ഏറ്റുപറഞ്ഞപ്പോൾ ഒരു എക്‌സിറ്റ് പോൾ മാത്രം തീർത്തും വ്യത്യസ്തമായ പ്രവചനവുമായി വേറിട്ടുനിന്നു. ഹിന്ദി മാധ്യമമായ ദേശബന്ധുവിന്റെ ഇന്റർനെറ്റ് ടി.വി ചാനലായ 'ഡി.ബി ലൈവ്' ആണ് കൗതുകമുണർത്തുന്ന കണക്കുകൾ പുറത്തുവിട്ടത്. 255 മുതൽ 290 വരെ സീറ്റുമായി ഇൻഡ്യ സഖ്യം അധികാരത്തിലെത്തുമെന്നായിരുന്നു ചാനലിന്റെ പ്രവചനം.

എൻ.ഡി.എയ്ക്ക് 201 മുതൽ കൂടിയാൽ 241 വരെ സീറ്റ് മാത്രമേ ലഭിക്കൂവെന്നും വ്യക്തമാക്കി. തമിഴ്‌നാട്ടിൽ 37ഉം മഹാരാഷ്ട്രയിൽ 28ഉം സീറ്റ് ഇൻഡ്യയ്ക്ക് ലഭിക്കുമെന്ന് ചാനൽ പ്രവചിച്ചു. ഇതോടൊപ്പം ബിഹാർ, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലും മുന്നണിക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്നു സൂചിപ്പിച്ചു. ഗുജറാത്തിലും മധ്യപ്രദേശിലും ബി.ജെ.പി ശക്തമായ മേധാവിത്വം തുടരുമെന്നും എക്‌സിറ്റ് പോൾ പ്രവചിച്ചിരുന്നു.

Summary: Trends defy exit poll predictions as INDIA shines in Lok Sabha results 2024

Similar Posts