അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങള്‍ തള്ളി കോൺഗ്രസ്
|ഛത്തീസ്ഗഡിൽ ബി.ജെ.പി നില മെച്ചപ്പെടുത്തും എന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസും സ്വാഗതം ചെയ്ത് ബി.ജെ.പിയും. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്ന സർവേ ഫലങ്ങൾ തെറ്റാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ഛത്തീസ്ഗഡിൽ ബി.ജെ.പി നില മെച്ചപ്പെടുത്തും എന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
മറ്റന്നാൾ ആണ് അഞ്ച് സംസ്ഥാനങ്ങളിലെയും ജനവിധി അറിയുക. വോട്ട് എണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുറത്ത് വന്ന എക്സിറ്റ് പോളുകളുടെ കൃത്യത സംബന്ധിച്ച് കോൺഗ്രസ് ആക്ഷേപം ഉയർത്തിയിട്ടുണ്ട്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന സർക്കാരിന് എതിരെ ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് കോൺഗ്രസ് അവകാശവാദം. അതേസമയം മധ്യപ്രദേശിൽ ഭരണ വിരുദ്ധ വികാരം അധികാര കൈമാറ്റത്തിന് വഴി വെയ്ക്കില്ലെന്ന ചില സർവേ ഫലങ്ങളുടെ വിശ്വാസ്യതയും കോൺഗ്രസ് ചോദ്യം ചെയ്യുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഭരണം ലഭിക്കും എന്ന പ്രവചനത്തിന് ഒപ്പം ഛത്തീസ്ഗഡിൽ ബി.ജെ.പി നില മെച്ചപ്പെടുത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നുണ്ട്. ഈ കണക്ക് കൂട്ടലുകളെ ഇരു കയ്യും നീട്ടി ആണ് ബി.ജെ.പി സ്വീകരിക്കുന്നത്. മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേട്ടം കൊയ്യുമെന്നാണ് വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോൾ സർവേകൾ പറയുന്നത്. ഛത്തീസ്ഗഡിൽ ബി.ജെ.പിയുടെ സീറ്റ് ഇരട്ടിയോളം വർധിക്കുമെങ്കിലും കോൺഗ്രസിന് ഭരണം നഷ്ടപ്പെടില്ലെന്നും സർവേകൾ പ്രവചിക്കുന്നുണ്ട്.