മോദിയുടെ വിദ്വേഷ പ്രസ്താവനയെ വിമർശിച്ചതിന് ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് അറസ്റ്റിൽ
|മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയെ വിമർശിച്ച ഗനിയെ ബുധനാഴ്ചയാണ് ബി.ജെ.പി പുറത്താക്കിയത്.
ജയ്പൂർ: ബി.ജെ.പി പുറത്താക്കിയ ന്യൂനപക്ഷ മോർച്ച നേതാവ് ഉസ്മാൻ ഗനി രാജസ്ഥാനിൽ അറസ്റ്റിൽ. സമാധാന ഭംഗമുണ്ടാക്കി എന്നാരോപിച്ചാണ് ഗനിയെ അറസ്റ്റ് ചെയ്തത്. മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയെ വിമർശിച്ച ഗനിയെ ബുധനാഴ്ചയാണ് ബി.ജെ.പി പുറത്താക്കിയത്. ഗനി പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് ഓങ്കർ സിങ് പറഞ്ഞു. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗനിയെ ആറു വർഷത്തേക്ക് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസ്താവന ഒരു മുസ്‌ലിമെന്ന നിലയിൽ തനിക്ക് വലിയ നിരാശയുണ്ടാക്കിയെന്ന് ഉസ്മാൻ ഗനി പറഞ്ഞിരുന്നു. മോദിയുടെ പരാമർശം മൂലം രാജസ്ഥാനിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകും. ബി.ജെ.പിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ട് മുസ്‌ലിം വോട്ടർമാരെ കാണുമ്പോൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് അവർ ചോദ്യം ചെയ്യുകയാണെന്നും അവരോട് പറയാൻ തനിക്ക് മറുപടിയില്ലെന്നും ഉസ്മാൻ ഗനി പറഞ്ഞു.
രാജസ്ഥാനിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ സമ്പത്തിൽ മുസ്‌ലിംകൾക്കാണ് പ്രഥമ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്നായിരുന്നു മോദിയുടെ പരാമർശം. 2006 ഡിസംബർ ഒമ്പതിന് നാഷണൽ ഡെവലപ്‌മെന്റ് കൗൺസിൽ യോഗത്തിൽ മൻമോഹൻ സിങ് നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചായിരുന്നു മോദിയുടെ വിദ്വേഷ പരാമർശം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ പൗരൻമാരുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ മക്കളുള്ളവർക്കും നൽകുമെന്നും മോദി പറഞ്ഞിരുന്നു.