India
മുസ്‌ലിം വനിതകൾ വിൽപനയ്ക്ക്; എന്താണ് ബുള്ളി ബായ്? പിന്നിലാര്?
India

'മുസ്‌ലിം വനിതകൾ വിൽപനയ്ക്ക്'; എന്താണ് ബുള്ളി ബായ്? പിന്നിലാര്?

അഹമ്മദലി ശര്‍ഷാദ്
|
4 Jan 2022 1:13 PM GMT

നടിയും നർത്തകിയുമായ ശബാന ആസ്മി, ജെഎന്‍യുവില്‍നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ്, മലയാളി വിദ്യാർത്ഥി നേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന തുടങ്ങി നൂറുകണക്കിനു മുസ്‍ലിം സ്ത്രീകളുടെ ചിത്രമാണ് ആപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

സംഘ്പരിവാറിന്‌ അഹിതകരമായി പ്രവർത്തിക്കുന്നവരെ അധികാരമുപയോഗിച്ച് ഭയപ്പെടുത്തി നിർത്താൻ കഴിയാതെ വരുമ്പോൾ അപമാനിച്ച് ഇല്ലാതാക്കാനുള്ള വിദ്വേഷപ്രചാരകരുടെ പുതിയ തന്ത്രമാണ് 'സുള്ളി ഡീൽസ്', 'ബുള്ളി ബായ്' തുടങ്ങിയ പുതിയ രീതികളിലൂടെ രാജ്യം കാണുന്നത്. ഹിന്ദുത്വ വർഗീയവാദികൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നവരോ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരോ ആയോ മുസ്‌ലിം വനിതകളെ 'വിൽപനക്ക് വെച്ച്' അപമാനിക്കുകയും വിദ്വേഷപ്രചാരണം നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.

എന്താണ് ബുള്ളി ബായ് വിവാദം?

പുതുവർഷത്തിൽ ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്‌ലിം വനിതകളെ വിൽപനക്ക് വെച്ച സംഭവം വിവാദമായത്. വിഖ്യാത നർത്തകിയും നടിയുമായ ശബാന ആസ്മി, ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്റ, മാധ്യമപ്രവർത്തക ഖുർറത്തുൽഐൻ റെഹ്ബർ, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവന്ന 'സുള്ളി ഡീൽസ്' എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് 'ബുള്ളി ബായ്'. ഹിന്ദുത്വ വർഗീയവാദികൾ മുസ്‌ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗംവെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്.

സുള്ളി ഡീൽസ്

കഴിഞ്ഞ വർഷം ജുലൈയിലാണ് ഇതിന്റെ ആദ്യ പതിപ്പായ 'സുള്ളി ഡീൽസ്' എന്ന ആപ്പ് പുറത്തുവന്നത്. ഗിറ്റഹബ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഇതും പ്രവർത്തിച്ചിരുന്നത്. പ്രശസ്തരായ 80 മുസ്‌ലിം വനിതകളുടെ ഫോട്ടോ ദുരുപയോഗം ചെയ്താണ് ആപ്പ് പ്രവർത്തിച്ചിരുന്നത്. ഗിറ്റ്ഹബ് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് 'സുള്ളി ഡീൽസ്' എന്ന വെബ്‌സൈറ്റിൽ 'ഇന്നത്തെ ഡീൽ' എന്ന അടിക്കുറിപ്പോടെ സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ നാലിനാണ് ഗിറ്റ് ഹബ് വഴി സംഘം നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത്. സംഭവം വിവാദമായതോടെ ചില നിയമനടപടികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് കാര്യമായ തുടർനടപടികളുണ്ടായില്ല.

അടങ്ങാത്ത വംശീയത, ലക്ഷ്യം വിദ്വേഷ പ്രചാരണം

കടുത്ത മുസ്‌ലിം വിരുദ്ധതയിൽ നിന്നുണ്ടാവുന്ന വെറുപ്പും വിദ്വേഷ പ്രചാരണവുമാണ് ഇത്തരം ആപ്പുകളിലൂടെ പുറത്തുവരുന്നത്. ഇരകളാക്കപ്പെടുന്നവരെ മാനസികമായി തകർക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ദ വയർ, ദ ഹിന്ദു, ന്യൂസ്‌ലോൺഡ്രി അടക്കമുള്ള ദേശീയ മാധ്യമങ്ങൾക്കു വേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് പുതിയ പേരിലുള്ള മുസ്‌ലിം വിദ്വേഷ ക്യാമ്പയിനിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. ഇതിനു പിന്നാലെ ആപ്പിൽ ലേലത്തിനെന്ന പേരിൽ പ്രദർശിപ്പിക്കപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെയും വിദ്യാർത്ഥിനികളുടെയുമെല്ലാം പട്ടിക പുറത്തുവരുന്നത്.

''ഒരു മുസ്‌ലിം സ്ത്രീയെന്ന നിലയ്ക്ക് ഇത്രയും ഭീതിയോടെയും അസ്വസ്ഥതയോടെയും പുതിയൊരു വർഷം ആരംഭിക്കേണ്ടിവരികയെന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീൽസിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാൻ മാത്രമല്ലെന്ന് പറയാതെത്തന്നെ ഉറപ്പാണ്. ഇന്നു രാവിലെ ഒരു സുഹൃത്ത് അയച്ചുതന്നെ സ്‌ക്രീൻഷോട്ടാണിത്. പുതുവത്സരാശംസകൾ'' എന്ന കുറിപ്പോടെയാണ് ഇസ്മത് ആറ ബുള്ളി ബായ് ആപ്പിനെക്കുറിച്ച് പ്രതികരിച്ചത്.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പഠിക്കുന്ന കശ്മീരി വിദ്യാർത്ഥിയായ ഹിബ ബേഗും തന്നെ ബുള്ളി ബായ് ആപ്പിൽ ലേലത്തിൽ വച്ച കാര്യം വെളിപ്പെടുത്തി. മോദിയുടെ ഇന്ത്യയിൽ താൻ മറ്റു മുസ്‌ലിം സ്ത്രീകൾക്കൊപ്പം ചിത്രങ്ങൾ സഹിതം ഒരിക്കൽ കൂടി ലേലത്തിനു വയ്ക്കപ്പെട്ടിരിക്കുകയാണെന്ന് ഹിബ ബേഗ് ട്വീറ്റ് ചെയ്തു. കോവിഡിനിടെ മരിച്ച ഉമ്മൂമ്മയുടെ ഖബറിടം സന്ദർശിക്കാൻ പോയതായിരുന്നു താനെന്നും തിരിച്ചു വീട്ടിലേക്കു വരാനിരിക്കുമ്പോഴാണ് വിവരം അടുത്ത സുഹൃത്തുക്കൾ അറിയിക്കുന്നതെന്നും ഹിബ കുറിച്ചു. സുള്ളി ഡീൽസിലും ഹിബയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

''കഴിഞ്ഞ തവണ ഇത് അവസാനിപ്പിക്കാൻ നിങ്ങൾ ഒന്നും ചെയ്തില്ല. ഇപ്പോഴിതാ അത് വീണ്ടും (പ്രത്യക്ഷപ്പെട്ടിരിക്കുന്നു). ഞാൻ സ്വയം സെൻസർ നടത്തി, ഇവിടെ അധികം സംസാരിക്കാറൊന്നുമില്ല. എന്നാൽ, ഇപ്പോഴും ഞാൻ ഓൺലൈനായി വിൽക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.'' ട്വീറ്റിൽ ഹിബ ബേഗ് പറയുന്നു. മുസ്‌ലിം സ്ത്രീകൾ ഈ രാജ്യത്ത് സുരക്ഷിതരല്ലെന്നും ഇനിയും എത്ര കച്ചവടം നടന്നാലാണ് നമുക്ക് (ഇതിലൊരു) നടപടി കാണാനാകുകയെന്നും അവർ ചോദിച്ചു.

വിമർശനവുമായി പ്രിയങ്ക ചതുർവേദി; മന്ത്രിയുടെ മറുപടി

ശിവസേന എംപി പ്രിയങ്ക ചതുർവേദിയാണ് വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത്. തുടർന്ന് രാഹുൽ ഗാന്ധി, ജിഗ്നേശ് മേവാനി, തുടങ്ങി നിരവധിപേർ രംഗത്തെത്തി. തുടർന്ന് ആപ്പ് ഹോസ്റ്റ് ചെയ്യുന്ന ഗിറ്റ് ഹബ് പ്ലാറ്റ്‌ഫോമിനെ ബ്ലോക്ക് ചെയ്തതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റിന് മറുപടിയായാണ് മന്ത്രിയുടെ ട്വീറ്റ്. ആപ്പ് ബ്ലോക്ക് ചെയ്തതിന് നന്ദി അറിയിച്ച പ്രിയങ്ക ചതുർവേദി കൂടുതൽ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

എഞ്ചിനീയറിങ് വിദ്യാർഥിയും വനിതയും അറസ്റ്റിൽ

ബുള്ളി ബായ് വിവാദവുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. വിശാൽ ഝാ എന്ന എഞ്ചിനീയറിങ് വിദ്യാർഥിയും ഒരു വനിതയുമാണ് അറസ്റ്റിലായത്. വിശാൽ ഝായെ മുംബൈ പൊലീസ് ബെംഗളൂരുവിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിൽ നിന്ന് അറസ്റ്റിലായ ഒരു വനിതയാണ് ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ച പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരെയും മുംബൈയിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

നിയമനടപടികളുടെ ഭാവിയെന്ത്?

കഴിഞ്ഞ വർഷം സുള്ളി ഡീൽസ് വിവാദം പുറത്തുവന്നപ്പോഴും വലിയ ഒച്ചപ്പാടുണ്ടായിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്ത ഗിറ്റഹബിനോട് ഐപി അഡ്രസ് അടക്കം വിശദവിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വിദേശത്ത് പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് വിവരങ്ങൾ കിട്ടാൻ സമയമെടുക്കുമെന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് ഈ കേസിൽ തുടർനടപടികളൊന്നും ഉണ്ടായില്ല. വിദ്വേഷപ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചവരിലേക്കൊന്നും അന്വേഷണം പോയില്ല. ബുള്ളി ബായ് കേസിൽ ഇനി എന്ത് സംഭവിക്കുമെന്നാണ് അറിയാനുള്ളത്.

Similar Posts