India
1991ലെ ആരാധനാലയ നിയമം വീണ്ടും ചർച്ചകളിലേക്ക്‌;  എന്തൊക്കെയാണ് അതിലെ വ്യവസ്ഥകൾ?
India

1991ലെ ആരാധനാലയ നിയമം വീണ്ടും ചർച്ചകളിലേക്ക്‌; എന്തൊക്കെയാണ് അതിലെ വ്യവസ്ഥകൾ?

Web Desk
|
31 Jan 2024 2:56 PM GMT

1947 ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരാധനാലയങ്ങളുടെ സ്വഭാവം എന്താണോ അത് അതേപടി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് 1991ലെ നിയമം.

ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നതായുള്ള പുരാവസ്തു റിപ്പോർട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്ന് ഈ റിപ്പോർട്ടോടെ തന്നെ മനസിലായിരുന്നു.

ഇപ്പോഴിതാ അവിടെ പൂജക്ക് വാരണാസി ജില്ലാ കോടതി അനുമതിയും നൽകിയിരിക്കുന്നു. എന്നാല്‍ ഒരു നിയമത്തെ നോക്കുകുത്തിയാക്കിയാണ് കോടതിയുടെ ഇടപെടൽ എന്നാണ് മതേതര ജനാധിപത്യവാദികളെ ആശങ്കപ്പെടുത്തുന്നത്. 1991ലെ ആരാധനാലയ നിയമമാണ് വാരണാസി ജില്ലാ കോടതിയുടെ അനുമതിയോടെ ഒരിക്കൽ കൂടി ചർച്ചകളിലേക്ക് വരുന്നത്.

എന്താണ് 1991ലെ ആരാധനാലയ നിയമം?

1947 ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരാധനാലയങ്ങളുടെ സ്വഭാവം എന്താണോ അത് അതേപടി നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് 1991ലെ നിയമം. മതപരമായ ഘടനകളുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1991ൽ പാർലമെന്റാണ് ഈ നിയമം പാസാക്കിയത്.

'ഏതെങ്കിലും ആരാധനാലയം പരിവർത്തനം ചെയ്യുന്നത് നിരോധിക്കുന്നതിനും ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം (1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്നതുപോലെ )നിലനിർത്തുന്നതിനുമുള്ളതാണ് നിയമം. എന്നാൽ ഗ്യാൻവാപി മസ്ജിദ് കേസിലും മഥുരയിലെ ഷാഹി ഈദ്ഗാഹ് കേസിലും ഈ നിയമത്തിന്റെ സാധ്യതകൾ പകൽപോലെ തെളിഞ്ഞെങ്കിലും സൗകര്യപൂർവം മറന്നു.

ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ പൂർണ്ണമായോ ഭാഗികമായോ, മറ്റൊരു മതവിഭാഗത്തിന്റെ - അല്ലെങ്കിൽ ഒരേ മതവിഭാഗത്തിന്റെ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റുന്നതും തടയുന്നുണ്ട്. 1947 ആഗസ്റ്റ് 15ന് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം "നിലവിലുണ്ടായിരുന്നതുപോലെ തന്നെ തുടരും" എന്ന് സെക്ഷൻ 4(1) പ്രഖ്യാപിക്കുന്നുണ്ട്.

ആരാധനാലയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളും സുപ്രീംകോടതിയുടെ പരിഗണനയിൽ

ആരാധനാലയ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒന്നിലധികം ഹർജികളാണ് ഫയൽചെയ്തിരിക്കുന്നത്. 'മതത്തിന്റെയും ആചാരത്തിന്റെയും സ്വാതന്ത്ര്യം' എന്ന മൗലികാവകാശത്തെ ലംഘിക്കുന്ന നിയമത്തിന്റെ നിയമസാധുത ചോദ്യംചെയ്യണമെന്നാണ് ഹർജികളിൽ ആരോപിക്കുന്നത്.

ലക്‌നൗ ആസ്ഥാനമായുള്ള വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘും സനാതൻ വേദ മതത്തിന്റെ ചില അനുയായികളും ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയുമൊക്കെയാണ് ഹര്‍ജികള്‍ക്ക് പിന്നില്‍. 2021 മാർച്ചിൽ ഉപാധ്യായയുടെ ഹർജിയിൽ കോടതി നോട്ടീസ് അയച്ചെങ്കിലും കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല.

ആരാധനാലയാ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21, 25, 26, 29 എന്നിവ ലംഘിക്കുന്നുവെന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ അവിഭാജ്യമായ മതേതരത്വ തത്വങ്ങളുടെ ലംഘനമാണെന്നുമൊക്കെയാണ് ഹർജികളിൽ ആരോപിക്കുന്നത്. 1991ൽ നിയമം ഉണ്ടാക്കി കേന്ദ്രം ഏകപക്ഷീയമായും യുക്തിരഹിതമായും കട്ട് ഓഫ് തീയതി സൃഷ്ടിച്ചുവെന്നും ഹർജികളിൽ ആരോപിക്കുന്നു.

അതേസമയം ഗ്യാൻവാപി മസ്ജിദ് കേസിലും മഥുരയിലെ ഷാഹി ഈദ്ഗാഹ് കേസിലും ആരാധനാലയ നിയമത്തെയാണ് മുസ്‌ലിം വിഭാഗം ഉയർത്തിക്കാണിച്ചിരുന്നത്. എന്നാല്‍ 1991-ലെ നിയമം ബാധകമല്ലെന്നായിരുന്നു ഗ്യാൻവാപി മസ്ജിദ് കേസില്‍ കോടതിയുടെ നിരീക്ഷണം. ആരാധനാലയങ്ങൾ സംബന്ധിച്ച 1991ലെ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികളിലൊന്നും സുപ്രീംകോടതി കാര്യമായി വാദം കേൾക്കാൻ തുടങ്ങിയിട്ടില്ല. പാർലമെന്റ് പാസാക്കിയ നിയമമായതിനാൽ കോടതിയുടെ ഇടപെടൽ എങ്ങനെയാകും എന്നാണ് ജനാധിപത്യ മതേതര വിശ്വാസികൾ ഗൗരവപൂർവം നോക്കുന്നത്.

Similar Posts