ചൈനീസ് ലോൺ ആപ്പ് വഴി തട്ടിയെടുത്തത് 500 കോടി രൂപ, ഉപയോക്താക്കളുടെ വിവരങ്ങളും ചോർത്തി; 22 പേർ അറസ്റ്റിൽ
|ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്
ഡൽഹി: ചൈനീസ് ലോൺ ആപ്പ് വഴി 500 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രാജ്യത്തുടനീളം 22 പേർ അറസ്റ്റിൽ. പണം തട്ടിയതിന് പുറമെ ഉപയോക്താക്കളുടെ വിവരങ്ങളും ചൈനയിലേക്ക് ചോർത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. ചൈനയിലും ഹോങ്കോങ്ങിലുമുള്ള സെർവറുകളിലേക്കാണ് വിവരങ്ങൾ അപ്ലോഡ് ചെയ്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 100 ലധികം ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് രാജ്യവ്യാപകമായി തട്ടിപ്പ് നടന്നത്.
രണ്ട് മാസത്തിലേറെയായി നടന്ന ഓപ്പറേഷന്റെ ഭാഗമായാണ് തട്ടിപ്പു സംഘാംഗങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഡൽഹിയിലും അറസ്റ്റ് നടന്നത്.
ലഖ്നൗവിലെ ഒരു കോൾ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ചെറിയ തുക വായ്പ നൽകാൻ ലോൺ ആപ്പുകൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. ഉപയോക്താവ് ഡൗൺലോഡ് ചെയ്യുകയും ആപ്പിന് അനുമതി നൽകുകയും ചെയ്തുകഴിഞ്ഞാൽ മിനിറ്റുകൾക്കുള്ളിൽ അവരുടെ അക്കൗണ്ടിലേക്ക് ലോൺ തുക ക്രെഡിറ്റാകുമെന്ന് പൊലീസ് പറയുന്നു.
തുടർന്ന് വിവിധ നമ്പറുകളിൽ നിന്ന് സംഘം ഉപയോക്താക്കളെ വിളിക്കുകയും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് പതിവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര പറഞ്ഞു. നാണക്കേടും പരിഹാസവും ഭയന്ന് പല ഉപയോക്താക്കളും അവർ ആവശ്യപ്പെടുന്ന പണം നൽകാറുണ്ട്.
പണം ഹവാല വഴിയോ ക്രിപ്റ്റോകറൻസികളോ ആയി വാങ്ങിയാണ് ചൈനയിലേക്ക് അയച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഘം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകൾക്കും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും റിപ്പോർട്ടുണ്ട്. പ്രതികളിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 25 ഹാർഡ് ഡിസ്കുകൾ, ഒമ്പത് ലാപ്ടോപ്പുകൾ, 19 ഡെബിറ്റ് കാർഡുകൾ/ക്രെഡിറ്റ് കാർഡുകൾ, മൂന്ന് കാറുകളും 4 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.
ചൈനീസ് പൗരന്മാരുടെ നിർദേശപ്രകാരമാണ് റാക്കറ്റ് പ്രവർത്തിച്ചതെന്ന് അറസ്റ്റിലായവർ പൊലീസിനോട് സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ചൈനീസ് പൗരന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം നടക്കുകയാണ്.