'മകള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടവരെ എന്നും ഓര്‍ക്കുന്നു, ഭയം തോന്നുന്നു': ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ്
|ബില്‍ക്കിസ് ബാനുവിന് വീടും ജോലിയും കൂടാതെ നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും നൽകണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിന് മൂന്ന് വർഷത്തിന് ശേഷമാണ് പ്രതികളുടെ മോചനം
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 11 ജീവപര്യന്തം തടവുകാരെ മോചിപ്പിച്ചത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ബില്‍ക്കിസിന്റെ ഭർത്താവ് യാക്കൂബ് റസൂൽ- "ഞങ്ങളുടെ മകൾ ഉൾപ്പെടെ ആ സംഭവത്തിൽ കൊല്ലപ്പെട്ടവരെ ഞങ്ങൾ എല്ലാ ദിവസവും ഓർക്കുന്നു. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്".
ഭയം തോന്നുന്നുവെന്ന് ഇന്ത്യാടുഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ യാക്കൂബ് പറഞ്ഞു- "ഞങ്ങൾ സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ പ്രതികളെല്ലാം ജയിൽ മോചിതരായതിൽ ഞങ്ങൾ അങ്ങേയറ്റം അസ്വസ്ഥരാണ്. നേരത്തെ ഭയം ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോൾ ഭയം വളരെയധികം വർധിച്ചു. അന്തരീക്ഷവും നല്ലതല്ല."
ബില്‍ക്കിസ് ബാനുവിന് വീടും ജോലിയും കൂടാതെ നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും നൽകണമെന്ന് ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിന് മൂന്ന് വർഷത്തിന് ശേഷമാണ് പ്രതികളുടെ മോചനം. ആ പണം ലഭിച്ചെന്ന് യാക്കൂബ് റസൂൽ പറഞ്ഞു. പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നു. എന്നാൽ കോടതി നിർദേശിച്ച ജോലിയും വീടും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യാക്കൂബ് റസൂൽ പറഞ്ഞു. തങ്ങൾക്ക് ഇതുവരെ സ്ഥിരമായ മേല്‍വിലാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഗോധ്ര ജയിലിൽ നിന്ന് മോചിതരായ പ്രതികളെ മധുര പലഹാരങ്ങളും മാലകളും നൽകിയാണ് സ്വീകരിച്ചത്. ഗുജറാത്ത് സര്‍ക്കാരാണ് പ്രതികളെ മോചിപ്പിച്ചത്. ബലാത്സംഗം ചെയ്തവരെയും കൊലയാളികളെയും തനിക്ക് അറിയാമെന്ന് വിചാരണ വേളയിൽ ബിൽക്കിസ് ബാനു കോടതിയെ അറിയിച്ചിരുന്നു. അവര്‍ തന്റെ വീട്ടില്‍ നിന്ന് പാൽ വാങ്ങാറുണ്ടായിരുന്നുവെന്ന് ബില്‍ക്കിസ് ബാനു പറഞ്ഞു.
2002 മാർച്ച് 3നാണ് അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തത്. മൂന്ന് വയസ്സുള്ള മകളെയും മറ്റ് ആറ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയും ചെയ്തു. 2008ലാണ് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.
"അവർ മോചിതരായി എന്നറിഞ്ഞപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. കുറ്റവാളികളുടെ അപേക്ഷ എപ്പോഴാണ് പരിഗണിച്ചതെന്നും സംസ്ഥാന സർക്കാർ ഏത് വിധിയാണ് പരിഗണിച്ചതെന്നും ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ല."- യാക്കൂബ് റസൂല്‍ പറഞ്ഞു.
"14 വർഷം ജയിലിൽ കഴിഞ്ഞിട്ടും മോചിപ്പിക്കാതിരുന്നതോടെ ഇളവ് തേടി ഞാൻ സുപ്രിംകോടതിയെ സമീപിച്ചു. തീരുമാനം എടുക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു, അതിനുശേഷം ഞങ്ങളെ വിട്ടയച്ചു"- പ്രതി രാധേശ്യാം പറഞ്ഞു.
2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി- "സ്ത്രീകളുടെ അന്തസ്സ് കുറയ്ക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ഗുജറാത്തിലെ ബി.ജെ.പി സർക്കാർ അതേ ദിവസം തന്നെ കൂട്ടബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ മോചിപ്പിച്ചു. സന്ദേശം വ്യക്തമാണ്"- ഉവൈസി പറഞ്ഞു.