'വാ മൂടിക്കെട്ടിയ മോദി, കത്തിയമരുന്ന ഡെമോക്രസി'; കവർ ഫോട്ടോയുമായി ബ്രിട്ടീഷ് ഹെറാൾഡ് മാഗസിൻ
|2002ലെ ഗുജറാത്ത് കലാപസമയത്തേതിന് സമാനമായ മൗനമാണ് മണിപ്പൂർ കത്തിയെരിയുമ്പോഴും മോദി തുടരുന്നതെന്ന് മാഗസിൻ കവർസോറ്റോറിയായി പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന ഇന്ത്യയിൽ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടുന്ന കവര്സ്റ്റോറിയുമായി 'ബ്രിട്ടീഷ് ഹെറാൾഡ്' മാഗസിൻ. 'ജനാധിപത്യം ആശങ്കയിൽ: കർശന നിയന്ത്രണങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും ഇന്ത്യയിൽ അപായമണി മുഴക്കുന്നു' എന്ന തലക്കെട്ടിലാണ് കവർസ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാ മൂടിക്കെട്ടിയ മോദിയുടെ ഫോട്ടോക്ക് താഴെ കത്തിയെരിയുന്ന ജനാധിപത്യത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചാണ് മാഗസിന്റെ കവർഫോട്ടോ തയ്യാറാക്കിയിരിക്കുന്നത്.
“The greatness of a nation can be measured by how it treats its most vulnerable members,” famously stated Mahatma Gandhi, the father of the nation of India. Today, these words resonate with renewed significance as concerns continue to mount over the state of democracy in the… https://t.co/kOKsjXSTvb pic.twitter.com/vi51JPaIMc
— British Herald (@BritishHeraldUK) July 7, 2023
'ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് ഏറ്റവും ദുർബലരായ ജനങ്ങളോട് അത് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് കവർ സ്റ്റോറി ആരംഭിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് ലേഖനത്തിൽ പറയുന്നു.
രാജ്യത്ത് ജനാധിപത്യം വെല്ലുവിളികൾ നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ല. അടുത്തിടെ യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ കണ്ടത്. എട്ട് വർഷത്തിന് മുമ്പുള്ളതിന് സമാനമായ രീതിയിൽ മുസ്ലിം സമുദായത്തോടും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നിലപാടിന്റെ പേരിൽ മോദി ഇപ്പോഴും ചോദ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പങ്കുവെച്ച ആശങ്കയും ലേഖനത്തിൽ പറയുന്നുണ്ട്.
മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന കലാപത്തെക്കുറിച്ചും ലേഖനത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. 249 ചർച്ചുകളും 17 ക്ഷേത്രങ്ങളും കലാപത്തിൽ തകർക്കപ്പെട്ടു. 115 പേർ കൊല്ലപ്പെടുകയും 40,000 പേർ കുടിയിറക്കപ്പെട്ടു. വംശീയ സംഘർഷം സാമുദായികമായി മാറിയതിന് പിന്നിൽ വിശ്വഹിന്ദു പരിഷത്തിനുള്ള പങ്കിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് ബി.ജെ.പി സർക്കാർ മണിപ്പൂരിൽ സ്വീകരിച്ചത്. 2002ലെ ഗുജറാത്ത് കലാപസമയത്തേതിന് സമാനമായ മൗനമാണ് മണിപ്പൂർ കത്തിയെരിയുമ്പോഴും മോദി തുടരുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ തുടരുന്ന വിവേചനങ്ങളെക്കുറിച്ചും ലേഖനത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. പൗരത്വ ഭേദഗതിനിയമം, ഹിജാബ് നിരോധനം തുടങ്ങിയവയെക്കുറിച്ച് ലേഖനത്തിൽ പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 2014ൽ 140 ആയിരുന്നത് മോദി ഭരണത്തിൽ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയതിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗുസ്തി താരങ്ങളുടെ സമരത്തോട് കേന്ദ്ര സർക്കാർ പുലർത്തിയ മൗനത്തെയും ലേഖനത്തിൽ വിമർശിക്കുന്നു. രാജ്യത്തിന് വേണ്ടി മെഡൽനേടിയ താരങ്ങൾ അനീതി നേരിട്ടപ്പോൾ സർക്കാർ കുറ്റകരമായ മൗനം പുലർത്തി. നീതിക്കായി താരങ്ങൾക്ക് തെരുവിലിറങ്ങേണ്ടിവന്നു. ഒടുവിൽ താരങ്ങൾ മെഡലുകൾ ഗംഗാ നദിയിലൊഴുക്കാൻ ഒരുങ്ങിയപ്പോൾ മാത്രമാണ് കായികമന്ത്രി വിഷയത്തിൽ ഇടപെട്ടതെന്നും ലേഖനത്തിൽ വിമർശനമുണ്ട്.