India
ഹൽദ്വാനിയിലെ സംഘർഷം വർഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന വർഗീയതയുടെ അനന്തരഫലം -  വസ്തുത അന്വേഷണ റിപ്പോർട്ട്‌ പുറത്ത്
India

ഹൽദ്വാനിയിലെ സംഘർഷം വർഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന വർഗീയതയുടെ അനന്തരഫലം - വസ്തുത അന്വേഷണ റിപ്പോർട്ട്‌ പുറത്ത്

Web Desk
|
15 Feb 2024 11:11 AM GMT

മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും ചേർന്ന് ഉത്തരാഖണ്ഡിൽ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ നടത്തുന്നു

​ന്യൂഡൽഹി: ഹൽദ്വാനിയിലെ സംഘർഷം വർഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന വർഗീയതയുടെ അനന്തരഫലമാണെന്ന് വസ്തുത അന്വേഷണ റിപ്പോർട്ട്‌. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) കരവാൻ-ഇ-മൊഹബത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൗരാവകാശ പ്രവർത്തകരടങ്ങുന്ന വസ്തുതാന്വേഷണ സംഘം പ്രദേശം സന്ദർശിച്ചും ഇരകളുമായി സംസാരിച്ചും തയാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നത്.

സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്‌റസയും തകർത്തതിനെ തുടർന്ന് ജനുവരി എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ ആറ് പേരാണ് ​കൊല്ലപ്പെട്ടത്.

വർഷങ്ങളായി സംസ്ഥാനത്ത് പ്രചരിപ്പിക്കുന്ന വർഗീയതയാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി പുഷ്കർ ദാമിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും ചേർന്ന് ധ്രുവീകരണ ശ്രമങ്ങൾ മന:പൂർവം നടത്തുകയാണ്. ഉത്തരാഖണ്ഡ് ദേവഭൂമിയാണെന്നും അതിനാൽ മറ്റ് മതവിശ്വാസികൾക്ക് ഈ നാട്ടിൽ സ്ഥാനമില്ലെന്ന തരത്തിലുള്ള പ്രചരണവും വ്യാപകമാണ്. ഇത് മറ്റ് മതവിഭാഗങ്ങളിൽ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ അരാജകത്വം ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ മുസ്ലീം വിരുദ്ധതയു​ം വെറുപ്പും പ്രചരിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനായി ലവ്ജിഹാദ്, ഭൂമി ജിഹാദ്,വ്യാപാർ ജിഹാദ്, മസാർ ജിഹാദ് (ദർഗ) എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിനെ തുടർന്ന് മുസ്ലീംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്കരിക്കുന്ന സാഹചര്യമുണ്ട്.വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും മുസ്ലീം അടയാളങ്ങൾ ​​പ്രദർശിപ്പിക്കരുതെന്നും സംസ്ഥാനത്തിന് പുറത്തുപോകണമെന്നും ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രി ലവ് ജിഹാദിനെ കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കൂടുതൽ ഭിന്നതയുണ്ടാക്കാനും മുറിവുണ്ടാക്കാനും ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള 3000 മസാറുകൾ (ദർഗകൾ) തകർത്തത് സർക്കാരിന്റെ നേട്ടമായി എടുത്ത് പറയുന്ന മുഖ്യമന്ത്രി പൊതുയിടങ്ങളിലും സർക്കാർഭൂമികളിലും അനധികൃതമായി നിർമിച്ച ക്ഷേത്രങ്ങളെ പറ്റി കുറ്റകരമായ മൗനം പാലിക്കുകയാണ്.

ജനുവരി എട്ടിന് മുമ്പ് തന്നെ നിരവധി ചെറിയ കലാപങ്ങൾക്കും അതിക്രമങ്ങൾക്കും മുസ്ലീം സമുദായം ഇരയാകേണ്ടി വന്നു. 20 വർഷത്തിലേറെ പഴക്കമുള്ള മദ്രസയും പള്ളിയുമുള്ള മുസ്ലീംകൾ തിങ്ങിപ്പാർക്കുന്ന ഹൽദ്വാനിയിലെ ഭൂമി സർക്കാർ ഭൂമിയാണെന്നുള്ള അവകാശവാദങ്ങളെ നിയമപരമായി പള്ളിഭാരവാഹികളും നാട്ടുകാരും കോടതിയിൽ ചോദ്യം ചെയ്തിരുന്നു. മുനിസിപ്പൽ അധികാരികൾക്ക് പള്ളി അധികാരികൾ കത്ത് നൽകി ചർച്ചയും നടത്തിയിരുന്നു. കാര്യങ്ങൾ സമാധാനപരമായി മു​ന്നോട്ട് പോകുന്നതിനിടയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൻ പോലീസ് സന്നാഹത്തോടെ മുനിസിപ്പൽ ഓഫീസിലെ ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായെത്തി മസ്ജിദും മദ്രസയും പൊളിച്ചത്. അപ്രതീക്ഷിതമായ പൊളിക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും വലിച്ചിഴക്കുക​യും ചെയ്തതോടെ ജനങ്ങൾ പ്രകോപിതരായി. പൊലീസിന് നേരെ ജനങ്ങൾ കല്ലെറിഞ്ഞു.സംഭവസ്ഥലത്തുണ്ടായ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. പൊലീസും ജനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെയാണ് പൊലീസ് വാഹനങ്ങളും സ്റ്റേഷൻ്റെ ചില ഭാഗങ്ങളും ജനങ്ങൾ അഗ്നിക്കിരയാക്കിയത്.

ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർ​​ജോ, കണ്ണീർവാതകമോ, ജലപീരങ്കിയോ ​ഉപയോഗിക്കാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ് വെടിയു​തിർക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികളെ ഉദ്ദരിച്ച് വസ്തുതാന്വേഷണ സംഘം റിപ്പോർട്ട് ചെയ്യുന്നു. ആറ് പേർ കൊല്ല​പ്പെടുകയും നൂറ് കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെടിവെപ്പിന് ശേഷമാണ് അക്രമകാരികൾക്കെതിരെ വെടിവെക്കാൻ അനുമതി നൽകിയത്. എന്നാൽ പരിക്കേറ്റവരുടെ എണ്ണം പുറത്തുവന്ന കണക്കുകളേക്കാൾ ഇരട്ടിയായിരിക്കുമെന്നും വസ്തുതാനന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. രാത്രിയോടെ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ച പൊലീസ് 300 ഓളം വീടുകളിൽ അതിക്രമിച്ച് കയറിയാണ് പരിശോധനകൾ നടത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ക്രൂരമായി മർദിച്ചു. വീടുകൾക്കുള്ളിലുള്ളവയെല്ലാം തകർത്താണ് പരിശോധനകൾ നടത്തിയത്. വാഹനങ്ങൾ നശിപ്പിച്ചു. സ്ത്രീക​ളെയും കുട്ടികളെയും വരെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് വിവിധയിടങ്ങളിൽ കൊണ്ടുപോയി ചോദ്യം ചെയ്തു. ആറ് ദിവസം പിന്നിട്ടിട്ടും കർഫ്യൂ പിൻവലിക്കാത്ത പൊലീസ് നടപടി ജനജീവിതം കൂടുതൽ ദുസഹമാക്കി. കൂലിവേലക്ക് പോലും പോകാനാകാതെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻറർനെറ്റ് അടക്കമുള്ളവ റദ്ദാക്കിയതോടെ പ്രദേശത്ത് നിന്നുള്ള ഒരു വിവരങ്ങളും പുറത്തുവരുന്നില്ല. കർഫ്യൂവിന്റെ മറവിൽ ജനങ്ങളെ പരസ്പരം കാണാൻ പോലും അനുവദിക്കാതെ തടങ്കലിന് സമാനമായ സാഹചര്യമാണ് പ്രദശേത്തുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

കർഫ്യൂ പിൻവലിക്കാത്തതിനാൽ കലാപഭൂമി സന്ദർശിക്കാനോ വസ്തുതാന്വേഷണ സംഘത്തിന് ഇരകളുമായി നേരിട്ട് സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. എന്നാൽ ഇരകളുമായി ഫോണിലും മറ്റും സംസാരിച്ചാണ് റിപ്പോർട്ട് തയാറക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകർ, എഴുത്തുകാർ, അഭിഭാഷകർ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സാധാരണക്കാരിൽ പലരും പേരുകൾ പുറത്തുപറയരുതെന്ന് പറഞ്ഞാണ് അവർ നേരിട്ട പീഡന​ത്തെ പറ്റി സംസാരിച്ചത്. ജനങ്ങൾ വലിയ ഭയത്തിലാണ് കഴിയുന്നത്. കലാപവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടവുമായി സംസാരിക്കാൻ സംഘം ശ്രമിച്ചെങ്കിലും അതിനുള്ള അവസരമൊരുക്കാൻ അധികൃതർ തയ്യാറായില്ലെന്നും വസ്തുതാന്വേഷണ സംഘം വിശദീകരിക്കുന്നു.

Similar Posts