ടാർഗെറ്റ് നേടുന്നതിൽ പരാജയപ്പെട്ടു; ബാങ്ക് ജീവനക്കാരെ മർദിച്ച് മേലുദ്യോഗസ്ഥർ
|ജീവനക്കാരെ മർദിക്കുകയും ശാസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി
ബാങ്ക് ജീവനക്കാരെ മേലുദ്യോഗസ്ഥർ മർദിക്കുകയും മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങളുടെ ജൂനിയർ ജീവനക്കാരെ ടാർഗെറ്റ് നേടുന്നതിൽ പരാജയപ്പെട്ടതിന് മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സംഭവം ചർച്ചയായതോടെ വിശദീകരണവുമായി ബാങ്കുകൾ രംഗത്തു വന്നു.
മെയ് 4 ന് പുറത്തുവന്ന ഒരു വീഡിയോയിൽ, ജോലിയേക്കാൾ വ്യക്തിപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നു എന്ന് ആരോപിച്ച് കാനറ ബാങ്ക് ഉദ്യോഗസ്ഥൻ ലോകപതി സ്വെയിൻ ജീവനക്കാരെ ശകാരിക്കുന്നത് കാണാം. അവധി ദിവസങ്ങളിൽ പോലും അധിക മണിക്കൂർ ജോലി ചെയ്യാനും കുടുംബ ബാധ്യതകൾ ഉപേക്ഷിക്കാനും അദ്ദേഹം ജീവനക്കാരോട് ആക്രോശിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതും വാഡിയോയിൽ ഉണ്ട്. ജോലി സമയങ്ങൾ നിങ്ങൾ വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുവാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോഗിക്കുകയണെങ്കിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിങ്ങൾ പണിയെടുക്കാൻ ബാധ്യസ്ഥരാണ്. ഞാൻ എൻ്റെ കുടുംബത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് കാനറ ബാങ്കിനാണ്. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഞായർ ഉൾപ്പെടെ മറ്റ് അവധി ദിവസങ്ങളിൽ ജോലി ചെയ്യണം. ഇത് എല്ലവർക്കും ബാധകമാണ്. ഇത് അനുസരിക്കൻ തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ മാറും. അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
സംഭവം വലിയ ചർച്ചയ്ക്ക് വഴിവെച്ചതോടെ പ്രതികരണവുമായി കനറാ ബാങ്ക് രംഗത്തു വന്നു. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സംഭാവനകളെ എല്ലായ്പ്പോഴും വിലമതിക്കുന്നു എന്നും വീഡിയോയിൽ മോശമായി പ്രതികരുക്കുന്ന ഉദ്യേഗസ്ഥന്റെ പെരുമാറ്റം തീർത്തും വ്യക്തിപരമാണെന്നും അത് ബാങ്ക് അംഗീകരിക്കുന്നില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബാങ്ക് എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ മാസം പുറത്തുവന്ന മറ്റൊരു വീഡിയോയിൽ, ബന്ധൻ ബാങ്ക് ഉദ്യോഗസ്ഥനായ കുനാൽ ഭരദ്വാജ്, മാസത്തിൽ നിശ്ചയിച്ചിട്ടുള്ള ടാർഗറ്റ് കൈവരിക്കാത്ത ഒരു ജൂനിയർ ജീവനക്കാരനോട് നിലവിളിക്കുന്നത് കാണാം. ഇപ്പോൾ ഇല്ലാതാക്കിയ ക്ലിപ്പ്, ഭരദ്വാജ് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ജീവനക്കാരൻ്റെ മോശം പ്രകടനത്തിന് അദ്ദേഹത്തെ കളിയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജീവനക്കാരൻ മാപ്പ് ചോദിക്കുകയും തനിക്ക് പറ്റിയ തെറ്റ് തിരുത്താമെന്ന് ഉറപ്പ് നൽകുന്നതും വീഡിയോയിൽ കാണാം.
സംഭവം ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സമീപനത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ബന്ധൻ ബാങ്ക് പ്രതികരിച്ചു. ബന്ധൻ ബാങ്കിൽ ഞങ്ങൾ മൂല്യങ്ങൾക്ക് ഉയർന്ന ഊന്നൽ നൽകുന്നുവെന്നും ഇത്തരം പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടികൾ കൈക്കൊള്ളുമെന്നും ബാങ്ക് പ്രതികരിച്ചു.