നീതി ഉറപ്പാക്കും, കുറ്റവാളികൾ രക്ഷപ്പെടില്ല; സൊണാലി കേസിൽ കേന്ദ്രമന്ത്രി
|കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്.
ഫരീദാബാദ്: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ കൊലപാതകത്തിൽ നീതിയുക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുർജാർ. കേസിലെ പ്രതികൾ ആരും രക്ഷപെടില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ സൊണാലിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്വാൻ, സുഹൃത്ത് സുഖ്വിന്ദർ സിങ് എന്നിവരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോർത്ത് ഗോവയിലെ അഞ്ജുനയിൽ സൊണാലി മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തിങ്കളാഴ്ച സുധീറിനും സുഖ്വിന്ദറിനും ഒപ്പമാണ് ഇവർ ഗോവയിലെത്തിയത്. അഞ്ജുനയിലെ ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് സൊണാലിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് വിവരം.
എന്നാൽ, മരണത്തിനു പിന്നാലെ സഹോദരൻ റിങ്കു ധാക്കയാണ് കൊലപാതകമാണെന്ന സംശയവുമായി അഞ്ജുന പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കുടുംബത്തിന്റെ അനുമതിയോടെ ഗോവ മെഡിക്കൽ കോളേജിൽ പരാതി നൽകുകയായിരുന്നു.
ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വീഡിയോയിൽ പകർത്തി ബ്ലാക്മെയിൽ ചെയ്യുകയായിരുന്നുവെന്നാണ് സഹോദരൻ പരാതിയിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്ന് സംശയമുണ്ടെന്നും റിങ്കു ധാക്ക ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായും ഇവർ ആരോപിച്ചിരുന്നു.