India
ബോംബുവെച്ചതായി വ്യാജസന്ദേശം; പൊലീസിനെ വട്ടം ചുറ്റിച്ചയാൾക്ക് കിട്ടിയത് എട്ടിന്റെ പണി
India

ബോംബുവെച്ചതായി വ്യാജസന്ദേശം; പൊലീസിനെ വട്ടം ചുറ്റിച്ചയാൾക്ക് കിട്ടിയത് എട്ടിന്റെ പണി

Web Desk
|
19 Sep 2022 1:25 PM GMT

പ്രദേശത്തെ ഭക്ഷണശാലകൾ മിനിറ്റുകൾക്കുള്ളിലാണ് പൊലീസ് ഒഴിപ്പിച്ചത്

മുംബൈ: മുംബൈയിലെ സവേരി ബസാർ പ്രദേശത്ത് ബോംബുവെച്ചതായി വ്യാജ സന്ദേശം നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൽബാദേവിയിൽ താമസിക്കുന്ന പ്രതി ദിനേഷ് സുതാർ മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ച് വ്യാജ സന്ദേശം നൽകുകയായിരുന്നു. വിവരം ലഭിച്ചയുടൻ ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡുമായി പൊലീസ് സ്ഥലത്തെത്തി.

പ്രദേശത്തെ ഭക്ഷണശാലകൾ മിനിറ്റുകൾക്കുള്ളിലാണ് പൊലീസ് ഒഴിപ്പിച്ചത്. പ്രദേശത്ത് നിന്നും മാറി നിൽക്കാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കൺട്രോൾ റൂമിലേക്ക് വന്ന സന്ദേശവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ക്രൈംബ്രാഞ്ചിനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനും കൈമാറിയിരുന്നു. വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ദിനേഷ് സുതാറിനെ പിടികൂടുകയും ചെയ്തു.

ബോംബ്‌വെച്ചത് എവിടെയാണെന്ന് കാണിച്ചു തരാൻ പ്രതിയോട് പൊലീസ് ആവശ്യപ്പെട്ടു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 505 (1) (ബി) (കിംവദന്തികൾ അടങ്ങിയ ഏതെങ്കിലും പ്രസ്താവനയോ റിപ്പോർട്ടോ ഉണ്ടാക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) കൂടാതെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കെസെടുത്തു.

Similar Posts