വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്ത് ഇഎസ്ഐ കാർഡുകൾ സൃഷ്ടിച്ചു; നാല് പേർ അറസ്റ്റിൽ
|സ്വകാര്യ ആശുപത്രികളിലെ രോഗികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത് എന്ന് പൊലീസ് പറഞ്ഞു
ബംഗളൂരു: ബംഗളൂരുവിൽ വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതിനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി) കാർഡുകൾ സൃഷ്ടിച്ചതിനും നാലുപേരെ പിടികൂടി. ബംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ശ്രീധർ (42), രമേഷ് (54), ചന്ദ്രകുമാർ (37), ശിവഗംഗ (38) എന്നിവരെയാണ് ബംഗളൂരു പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രതികൾ സർക്കാർ വെബ്‌സൈറ്റിൽ ഇല്ലാത്ത കമ്പനികൾ വ്യാജ പേരുകളിൽ രജിസ്റ്റർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവർ കാർഡുകൾക്കായി 500 രൂപ രോഗികളിൽ നിന്ന് വാങ്ങുകയും 280 രൂപ മാത്രം ഇഎസ്ഐസി അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ കാർഡുകൾ മൂലം രോഗികൾക്ക് സർക്കാരിൻ്റെ ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. സ്വകാര്യ ആശുപത്രികളിലെ രോഗികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത് എന്ന് പൊലീസ് പറഞ്ഞു.
ഇഎസ്ഐസി കാർഡുകൾ തയാറാക്കിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ സിസിബി പൊലീസ് കേസെടുത്തിരുന്നു. പ്രതികളിലൊരാളായ രമേഷ് 2018ൽ തട്ടിപ്പ് ആരംഭിച്ചെങ്കിലും കോവിഡ് -19 പാൻഡെമിക് സമയത്ത് പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു. തുടർന്ന് 2022ൽ പ്രതികളിലൊരാളായ ശ്രീധർ അദ്ദേഹത്തോടൊപ്പം ചേരുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.
നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ട് പ്രതികൾക്ക് കൂടി നോട്ടീസ് നൽകിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 869 പേർക്ക് വ്യാജ ഇഎസ്ഐസി കാർഡുകളും രേഖകളും തയ്യാറാക്കിയ ഇവരിൽ നിന്ന് വ്യാജ കമ്പനികളുടെയും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെയും സീലുകൾ, നാല് ലാപ്ടോപ്പുകൾ, 59,500 രൂപ പണം, വ്യാജ ഇഎസ്ഐസി കാർഡുകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
അംഗീകൃത ഫാക്ടറികളിലോ കമ്പനികളിലോ പ്രതിമാസം 21,000 രൂപയിൽ താഴെ വരുമാനമുള്ള തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇഎസ്ഐ പദ്ധതിക്ക് അർഹതയുണ്ട്.