ഓക്‌സ്ഫഡ് ഡിക്ഷനറിയിൽ എം.ഡി.എം.എ-കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ
|6.25 ഗ്രാം കഞ്ചാവും 18.75 ഗ്രാം എം.ഡി.എം.എയുമാണ് ചത്രിനാക പൊലീസ് പിടികൂടിയത്
ഹൈദരാബാദ്: വ്യാജ ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ലഹരി കടത്താനുള്ള നീക്കം പിടിയിൽ. ഹൈദരാബാദിലെ ചത്രിനാകയിലാണ് സംഭവം. 6.25 ഗ്രാം കഞ്ചാവും 18.75 ഗ്രാം എം.ഡി.എം.എയുമാണ് പൊലീസ് പിടികൂടിയത്.
ഗോസ്വാമി ആശിഷ് ഗീർ(24) എന്നയാളെയാണ് ചത്രിനാക പൊലീസ് അറസ്റ്റ് ചെയ്തത്. ഓക്‌സ്ഫഡിന്റെ പോക്കറ്റ് ഡിക്ഷനറിയുടെ പുറംചട്ട വച്ച് വ്യാജ നിഘണ്ടു ഉണ്ടാക്കിയാണ് ലഹരിക്കടത്തിനു ശ്രമിച്ചത്. അകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും എം.ഡി.എം.എയും. സാധാരണക്കാർക്ക് ഒരു നിലയ്ക്കും മനസിലാകാത്ത തരത്തിലായിരുന്നു കടത്ത്. ലഹരിക്കടത്തുകാരുടെയും ഉപഭോക്താക്കളുടെയും പേരുവിവരങ്ങളും ഒരു കാറും ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
ഹൈദരാബാദിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അറസ്റ്റിലായ ഗോസ്വാമി ആശിഷ്. മുൻപും ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ ഇയാൾക്കെതിരെയുണ്ട്. നിരവധി കടത്തുകാരുമായി ബന്ധമുള്ളതായും റിപ്പോർട്ടുണ്ട്. 24കാരനൊപ്പമുണ്ടായിരുന്ന മിലൻ ദേബ്‌നാഥ്, സയ്യിദ് എസ്.കെ എന്നീ രണ്ട് കടത്തുകാർ രക്ഷപ്പെട്ടിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലഹരിക്കടത്തിലെ കൂടുതൽ കണ്ണികളെ പിടികൂടാനായി പൊലീസ് വലവിരിച്ചിട്ടുണ്ട്.
Summary: Hyderabad youth arrested for smuggling drugs in fake Oxford dictionary