150 കിലോ ഭാരം; 23ാം വയസില്‍ എസ്ഐ! പണപ്പിരിവിനിടെ വ്യാജ പൊലീസ് അറസ്റ്റില്‍
|ഉടമകൾ പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നത്.
ലഖ്നൗ: ഉത്തര്‍പ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് അനധികൃത പിരിവ് നടത്തിയ യുവാവ് അറസ്റ്റില്‍. 23കാരനായ മുകേഷ് യാദവാണ് ഒറിജിനൽ പൊലീസിന്റെ പിടിയിലായത്. ഫിറോസാബാദ് ജില്ലയിലെ തുണ്ഡ്ല പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് 150 കിലോയോളം ഭാരം വരും. ഇത്രയും ചെറുപ്പത്തില്‍ ഇന്‍സ്പെക്ടറായി എന്നതും അമിത വണ്ണവും ഇയാളെ നേരത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഫിറോസാബാദ് ജില്ലയിലെ താജ് എക്സ്പ്രസ് ഹൈവേയില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടര്‍ അനധികൃതമായി പണം പിരിച്ചെടുക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ച് ആഗ്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുണ്ട്ല പൊലീസ് ദിവസങ്ങളോളം രാത്രി പരിശോധന നടത്തിയിരുന്നു.
ഇതിനിടെ ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ ഒരു വാഗണ്‍ആര്‍ കാർ കണ്ടെത്തി. ഇതിനു സമീപം നിന്ന് മറ്റു വാഹന ഉടമകളോട് പിഴ ചോദിക്കുന്ന ഒരു 'പൊലീസുകാരനെ'യും കണ്ടു. ഉടമകൾ പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതും കണ്ടു.
തുടര്‍ന്ന് തുണ്ട്ല എസ്.എച്ച്. രാജേഷ് പാണ്ഡെ ഇയാളെ ചോദ്യം ചെയ്തു. ഇയാളുടെ സ്റ്റേഷനാണ് ആദ്യം ചോദിച്ചത്. മറുപടി പറയാന്‍ പരുങ്ങിയ ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പണം പിരിക്കാൻ പൊലീസ് യൂണിഫോം ഉപയോഗിച്ചിരുന്നതായും മുകേഷ് യാദവ് വെളിപ്പെടുത്തി.
പിടിയിലായ മുകേഷ് യാദവ് ഗാസിയാബാദ് ജില്ലയിലെ സാഹിബാബാദ് പൊലീസ് സ്റ്റേഷന് പരിധിയിലാണ് താമസിക്കുന്നത്. പൊലീസിന്റെ വലിയ സ്റ്റിക്കര്‍ പതിച്ച വാഗണ്‍ആര്‍ കാറുമായി പുറത്തിറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധനയുടെ പേരില്‍ അനധികൃത പിരിവ് നടത്തുന്നതായിരുന്നു പതിവ്.
പ്രതിയിൽ നിന്ന് രണ്ട് ആധാർ കാർഡുകൾ, രണ്ട് പാൻ കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ, ഒരു ഡ്രൈവിങ് ലൈസൻസ്, മൂന്ന് എ.ടി.എം കാർഡുകൾ, ഒരു മെട്രോ കാർഡ്, ഒരു വാഹന രജിസ്ട്രേഷൻ കാർഡ്, പൊലീസുകാരന്റെ തിരിച്ചറിയൽ കാർഡ്, 2,200 രൂപ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ പൊലീസ് കണ്ടെടുത്തു. രേഖകളിൽ ഭൂരിഭാഗവും വ്യാജമാണെന്നാണ് റിപ്പോർട്ട്.
പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് തുണ്ട്ല പൊലീസ് ഓഫീസര്‍ (സിഒ) ഹരിമോഹന്‍ സിങ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ 170, 171, 420, 467, 468, 469, 471 വകുപ്പുകള്‍ പ്രകാരം തുണ്ട്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.