India
Fake rape complaint: Delhi court directs police to take action against woman, latest news, fake rape case, വ്യാജ ബലാത്സംഗ പരാതി: യുവതിക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് ഡൽഹി കോടതിയുടെ നിർദേശം
India

വ്യാജ ബലാത്സംഗ പരാതി: യുവതിക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് ഡൽഹി കോടതിയുടെ നിർദേശം

Web Desk
|
28 July 2024 12:47 PM GMT

പ്രത്യേക പദവിയും സ്ത്രീ സംരക്ഷണ നിയമങ്ങളും വ്യക്തിവൈരാ​ഗ്യം തീർക്കുന്നതിന് ഉപയോ​ഗിക്കരുതെന്നും കോടതി

ന്യൂഡൽഹി: സ്ത്രീകൾക്ക് നൽകുന്ന പ്രത്യേക പരി​ഗണനകൾ വ്യക്തി വൈര​ഗ്യം തീർക്കുന്നതിന് വേണ്ടി ദുരുപയോ​ഗം ചെയ്യരുതെന്ന താക്കീതുമായി ഡൽഹി കോടതി. വ്യാജ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് ഒരു സ്ത്രീക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡൽഹി പൊലീസിനോട് നിർദ്ദേശിക്കവേയായിരുന്നു കോടതിയുടെ പരാമർശം. കേസിൽ ആരോപണ വിധേയനായ വ്യക്തിക്ക് നേരെ പരാതിക്കാരി വ്യക്തിവൈരാ​​ഗ്യം തീർക്കുന്നതിന് വേണ്ടി വ്യജ പരാതിയുന്നയിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി.

ഇരുവരും പരസ്പര സമ്മതത്തോടെ ഹോട്ടലിൽ മുറിയെടുക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനു ശേഷം ഇരുവർക്കുമിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പ്രകോപിതയായ പരാതിക്കാരി പൊലീസിനെ വിളിച്ച് ഇയാൾക്കെതിരെ ബലാത്സംഗം ആരോപിക്കുകയായിരുന്നു. ഇത് വ്യക്തമായ കോടതി പ്രതിച്ചേർക്കപ്പെട്ടയാൾക്ക് ജാമ്യം അനുവദിച്ചു. മദ്യലഹരിയിലും ദേഷ്യത്തിലും പൊലീസിൽ തെറ്റായ പരാതി നൽകിയതിന് പരാതിക്കാരിക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ സിറ്റി പൊലീസിന് കോടതി നിർദ്ദേശം നൽകി. ഇത്തരം വ്യാജ ആരോപണങ്ങൾ നിരപരാധികളായ വ്യക്തികളുടെ ജീവിതവും പ്രശസ്തിയും സാമൂഹിക നിലയും നശിപ്പിക്കുമെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ഷെഫാലി ബർണാല ടണ്ടൻ പറഞ്ഞു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

'നമ്മുടെ രാജ്യത്തെ പുരുഷന്മാർക്ക് ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരം തുല്യ അവകാശങ്ങളും സംരക്ഷണവുമുണ്ട്, എന്നിരുന്നാലും, സ്ത്രീകൾക്ക് പ്രത്യേക പദവി നൽകിയിട്ടുണ്ട്. എന്നാൽ ഈ പ്രത്യേക പദവിയും സ്ത്രീ സംരക്ഷണ നിയമങ്ങളും വ്യക്തി വൈരാ​ഗ്യങ്ങൾ തീർക്കുന്നതിന് വേണ്ടി ഉപയോ​ഗിക്കരുത്'- കോടതി വ്യക്തമാക്കി. തെറ്റായ ആരോപണങ്ങളിൽ പ്രതിചേർക്കപ്പെടുന്നയാളുടെ വ്യക്തിജീവിതത്തിന് മാത്രമല്ല, അദ്ദേ​​ഹത്തിന്റെ കുടുംബത്തിനും ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. ബലാത്സംഗം ഏറ്റവും ഹീനവും വേദനാജനകവുമായ കുറ്റകൃത്യമാണെന്ന് പറഞ്ഞ കോടതി ബലാത്സംഗത്തിനെതിരായ നിയമം ചില കേസുകളിൽ ദുരുപയോഗിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ലഭിക്കുന്ന എല്ല പരാതികളിലും അറസ്റ്റ് ചെയ്യാൻ വ്യ​ഗ്രത കാണിക്കരുതെന്നും, നിയമപരമായ അന്വേഷണം അനിവാര്യമായ ഘട്ടങ്ങളിൽ അത് നടപ്പിലാക്കിയതിന് ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ പാടുള്ളൂവെന്നും കോടതി പൊലീസിന് നിർ​​ദേശം നൽകി. നിരപരാധിയായ വ്യക്തിയെ തടവിലാക്കിയതിന് എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാവില്ലെന്നും കോടതി ഓർമിപ്പിച്ചു.

പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി ഉത്തരവിൻ്റെ പകർപ്പ് ബന്ധപ്പെട്ട പൊലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് അയക്കാനും 10 ദിവസത്തിനകം കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. 20,000 രൂപയുടെ ബോണ്ടിലാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

Similar Posts