ബിഹാറി തൊഴിലാളികളെക്കുറിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ച് ജയിലിൽ; തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിവാദ യൂട്യൂബർ മനീഷ് കശ്യപ്
|പശ്ചിമ ചമ്പാരൻ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്
ബേട്ടിയ: ബിഹാറി കുടിയേറ്റ തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമിക്കപ്പെടുന്നതിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒമ്പത് മാസം ജയിൽ ശിക്ഷ അനുഭവിച്ച യൂട്യൂബർ മനീഷ് കശ്യപ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. പശ്ചിമ ചമ്പാരൻ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്ന ബിഹാറികളെ മർദിച്ചുകൊലപ്പെടുത്തുന്നുവെന്ന വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മനീഷ് അറസ്റ്റിലാകുന്നത്.
സംഭവം വലിയ രീതിയിൽ ചർച്ചയായകുകയും ചെയ്തു. ബിഹാർ നിയമസഭയിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുകയും അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു.എന്നാൽ തൊഴിലാളികളെ മർദിക്കുന്നെന്ന ആരോപണം നിഷേധിച്ച് തമിഴ്‌നാട് സർക്കാറും രംഗത്തെത്തിയിരുന്നു. ബിഹാർ,തമിഴ്‌നാട് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് മനീഷ് അറസ്റ്റിലാകുന്നത്. പട്ന ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് 2023 ഡിസംബർ 23-ന് ബെയൂർ സെൻട്രൽ ജയിലിൽ കശ്യപ് പുറത്തിറങ്ങുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് മനീഷ്. മുതിർന്ന ബി.ജെ.പി നേതാവ് സഞ്ജയ് ജയ്സ്വാളാണ് കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുള്ളത്. ജയ്സ്വാളിനെതിരെ ശക്തമായ ഭരണ വിരുദ്ധത ഉള്ളതിനാൽ തനിക്കൊരു വെല്ലുവിളിയും ഇല്ലെന്നാണ് മനീഷ് കശ്യപ് അവകാശപ്പെടുന്നത്.മുൻ എം.പിമാർ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും ജനങ്ങളുടെ മുഖത്ത് സന്തോഷം വരുത്താനാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നാണ് മനീഷ് കശ്യപ് പറയുന്നത്.പശ്ചിമ ചമ്പാരൺ ലോക്സഭാ സീറ്റിലേക്ക് ഏപ്രിൽ 30 ന് നാമനിർദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്പതിയ നിയമസഭാ മണ്ഡലത്തിൽ നിന്ന് കശ്യപ് മത്സരിച്ചിരുന്നു. അന്ന് പരാജയപ്പെട്ടെങ്കിലും 9239 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.