ഇതരജാതിയിൽപെട്ടയാളുമായി വിവാഹം; യുവതിയെ തട്ടിക്കൊണ്ടുപോയി കൊന്ന് വീട്ടുകാർ
|സംഭവത്തിൽ യുവതിയുടെ കുടുംബത്തിനെതിരെ കേസെടുത്തു
ജയ്പൂർ: രാജസ്ഥാനിലെ ജലവാർ ജില്ലയിൽ 20 വയസുള്ള യുവതിയെ പിതാവും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇതര ജാതിയിൽപെട്ടയാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണം. യുവതിയുടെ ഭർത്താവ് അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ശരീരത്തിൻ്റെ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
'മറ്റൊരു ജാതിയിൽപ്പെട്ട രവീന്ദ്ര ഭീലിനെ വിവാഹം കഴിക്കുന്നതിൽ ഷിംല കുഷ്‌വ എന്ന യുവതിയുടെ മാതാപിതാക്കൾ എതിർപ്പ് ഉന്നയിച്ചിരുന്നു. അതിനാൽ ഇതൊരു ദുരഭിമാനക്കൊലയാണ്.'- ഡി.എസ്.പി ജയ് പ്രകാശ് അടൽ പറഞ്ഞു. ഒരു വർഷം മുമ്പ് യു.പിയിലെ ഗാസിയാബാദിൽ വെച്ച് കുഷ്‌വയും ഭീലും ഒളിച്ചോടി വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.
ജലവാർ സോർതി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ദമ്പതികൾ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനായി ബാരൻ ജില്ലയിലെത്തുകയായിരുന്നു. യുവതിയുടെ പിതാവും സഹോദരനും അവരുടെ മൂന്ന് ബന്ധുക്കളും അവിടെയെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി. തുടർന്ന് സംഭവത്തെക്കുറിച്ച് ഭീൽ ലോക്കൽ പൊലീസിനെ അറിയിച്ചു. അവർ ജലവാറിലെ ജാവർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. പൊലീസ് സംഭവസ്ഥലത്തെത്തി കുഷ്‌വയുടെ മൃതദേഹം ഒരു ശ്മശാനസ്ഥലത്ത് നിന്ന് കണ്ടെത്തി. അന്വേഷണത്തിനായി ബാരൻ പൊലീസിന് മൃതദേഹം കൈമാറിയെന്ന് ജവാർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
യുവതിയുടെ മാതാപിതാക്കളും സഹോദരനും ഉൾപ്പെടെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലാ പ്രതികളും ഒളിവിലാണെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഭർത്താവിൻ്റെ കുടുംബത്തിന് വിട്ടുകൊടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.