India
Murder,  cow smuggling, Monu Manesir,
India

പശുക്കടത്ത് ആരോപിച്ച് കൊലപാതകം: കൊലക്ക് പിന്നിൽ മോനു മനേസിറെന്ന് കുടുംബം

Web Desk
|
24 Feb 2023 2:45 AM GMT

കേസിൽ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും മോനു മനേസിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്നും കുടുംബം പറഞ്ഞു

ഗുരുഗ്രാം: പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ ചുട്ടുകൊല്ലപ്പെട്ട സംഭവത്തിൽ കൊലക്ക് പിന്നിൽ മോനു മനേസിറെന്ന് കുടുംബം. കേസിൽ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും മോനു മനേസിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്നും കുടുംബം പറഞ്ഞു. മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകണമെന്നും ഇരുവരെയും തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു.

യുവാക്കളുടെ ബന്ധുക്കൾക്ക് അഖിലേന്ത്യാ കിസാൻ സഭ ധനസഹായം നൽകി. ഒരു ലക്ഷം രൂപ വീതമാണ് കൊല്ലപ്പെട്ട ജുനൈദിന്‍റെയും നസിറിന്‍റെയും കുടുംബത്തിന് നൽകിയത്. കുടുംബത്തിന് ആവശ്യമായ നിയമ സഹായം നൽകുമെന്നും കിസാൻ സഭ പ്രതിനിധി സംഘം പറഞ്ഞു.പശുക്കടത്തിന്റെ പേരിൽ മുസ്‍ലിം യുവാക്കളെ ആക്രമിക്കുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്യുന്നത് വർധിച്ചുവരികയാണെന്ന് പറഞ്ഞ കിസാൻ സഭാ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ക്രൂരമായ കൊലപാതകം നടന്നിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനത്തിലാണെന്ന് വിമർശിച്ചു.

കേസിൽ മുഖ്യപ്രതിയെ പ്രതിപട്ടികയിൽ നിന്ന് രാജസ്ഥാൻ പൊലീസ് ഒഴിവാക്കിയിരുന്നു. ബജ്‌റംഗൾ നേതാവ് മോനു മനേസറിനെയാണ് പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പൊലീസ് റിമാൻഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അനിൽ സ്വദേശി, ശ്രീകാന്ത്, കാലു, കിഷോർ, അനിൽ സ്വദേശിയായ ഭിവാനി, ശശികാന്ത്, വികാസ്, മോനു സ്വദേശി പലുവാസ്, ഭിവാനി എന്നിവരെയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പിടിയിലായത് ഒരാൾ മാത്രമാണ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ ഹരിയാനയിലെ ഭീവാനിയിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്.

രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്റംഗദൾ പ്രവർത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിൻറെ ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്.

സംഭവത്തിൽ ഹരിയാന ജിർക്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ജുനൈദിനെയും നസീറിനെയും പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്ന പ്രതിയുടെ മൊഴിയും യുവാക്കളെ പൊലീസ് മർദ്ദിച്ചുവെന്ന കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും. എ.എസ്.പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Similar Posts