'രാമക്ഷേത്രം കൊണ്ട് ഉയർന്നുനിൽക്കുന്ന മോദിയുടെ ഗ്രാഫ് താഴെ എത്തിക്കണം'; കർഷക നേതാവിന്റെ ആഹ്വാനം-ആയുധമാക്കി ബി.ജെ.പി
|പഞ്ചാബിലെ പ്രമുഖ കർഷക നേതാക്കളിലൊരാളായ ജഗ്‍ജിത്ത് സിങ് ദല്ലേവാല്‍ ദില്ലി ചലോ പ്രക്ഷോഭത്തിന്‍റെ മുന്‍നിരയിലും സജീവമാണ്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ കർഷക മാർച്ചും രാജ്യവ്യാപക പ്രക്ഷോഭവും കരുത്താർജിക്കുന്നതിനിടെ പുതിയ ചർച്ചകൾക്കു തിരികൊളുത്തി കിസാൻ യൂനിയൻ നേതാവിന്റെ മോദി വിമർശം. ഭാരതീയ കിസാൻ യൂനിയൻ(ബി.കെ.യു) പഞ്ചാബ് അധ്യക്ഷൻ ജഗ്ജിത്ത് സിങ് ദല്ലേവാലിന്റെ പരാമർശങ്ങളാണു ചർച്ചയാകുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണെന്നും അത് താഴേക്കിറക്കണമെന്നും കഴിഞ്ഞ ദിവസം കർഷകരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ദല്ലേവാലിന്റെ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു: 'രാമക്ഷേത്രം കാരണം മോദിയുടെ ഗ്രാഫ് കുത്തനെ ഉയരത്തിലാണ്. അതൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെ താഴ്ത്താനാകും? തുച്ഛമായ അവസരമേ മുന്നിലുള്ളൂ.. അക്കാര്യം ജനങ്ങളോട് ഞാൻ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. വൻ ഉയർച്ചയിലാണ് ഗ്രാഫ് നിൽക്കുന്നത്. വിരളമായ ദിനങ്ങളേ മുന്നിലുള്ളൂ. ഈ കുറഞ്ഞ ദിവസം കൊണ്ട് ആ ഗ്രാഫ് താഴേക്കിറക്കാനാകുമോ?''
ജഗ്ജിത്ത് സിങ് ദല്ലേവാൽ കർഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളെല്ലാം പുറത്തുവിട്ടിട്ടുണ്ട്. എവിടെ, ഏതു സാഹചര്യത്തിൽ പറഞ്ഞതാണ് ഇതെന്നു വ്യക്തമല്ല. വിഡിയോയുടെ ആധികാരികതയും സ്ഥിരീകരിക്കാനായിട്ടില്ല.
പിടിച്ചുകെട്ടാനാകാത്ത തരത്തിൽ കൊടുമ്പിരികൊള്ളുന്ന കർഷക പ്രക്ഷോഭത്തിനു നേരെയുള്ള വീണുകിട്ടിയ ആയുധമായി ഇതിനെ ഉപയോഗിക്കാനാണ് ബി.ജെ.പി നേതാക്കളുടെ നീക്കം. ഹരിയാന മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർലാൽ ഖട്ടാർ ഉൾപ്പെടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്ക് മറ്റെവിടെനിന്നോ പിന്തുണ ലഭിക്കുന്നതെന്നതു വ്യക്തമാണെന്ന് ഖട്ടാർ പറഞ്ഞു. പഞ്ചാബ് സർക്കാരിന് കർഷകരെ തടയാനാകുമായിരുന്നെങ്കിലും അവരതു ചെയ്തില്ല. അവർ തമ്മിൽ ചില നീക്കിപോക്കുകളുണ്ടെന്നാണ് ഇതു കാണിക്കുന്നത്. തങ്ങൾ കർഷക സമരത്തിനൊപ്പമാണെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും ഖട്ടാർ ചൂണ്ടിക്കാട്ടി.
കർഷക നേതാവ് നടത്തിയത് രാഷ്ട്രീയ പ്രസ്താവമാണെന്നും ഹരിയാന മുഖ്യമന്ത്രി ആരോപിച്ചു. വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചാൽ ജനങ്ങൾ മോദിയെ പിന്തുണയ്ക്കുന്നതു നിർത്തുമോ? ഇങ്ങനെയല്ല പ്രതിഷേധിക്കേണ്ടതെന്ന തരത്തിലുള്ള സന്ദേശം പൊതുസമൂഹത്തിനിടയിൽ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചാബിലെ ഫരീദ്‌കോട്ട് സ്വദേശിയായ ജഗ്ജിത്ത് സംസ്ഥാനത്തെ പ്രമുഖ കർഷക നേതാക്കളിലൊരാളാണ്. അദ്ദേഹത്തിനു കീഴിലുള്ള ഭാരതീയ കിസാൻ യൂനിയൻ പഞ്ചാബിലെ 19 ജില്ലകളിൽ സജീവ സാന്നിധ്യമാണ്. ജഗ്ജിത്ത് സിങ്ങാണ് വിവിധ കർഷക സംഘടനകളുമായി ചേർന്ന് ഹരിയാനയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം സംയുക്ത ഭാരതീയ കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗത്തിനു രൂപംനൽകിയത്.
2020ൽ പാർലമെന്റ് പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 'ദില്ലി ചലോ' എന്ന പേരിൽ കർഷക പ്രക്ഷോഭം നടക്കുന്നത്. 150 കർഷക സംഘടനകൾ ഭാഗമായ സംയുക്ത കിസാൻ മോർച്ചയും 250 സംഘടനകൾ അണിനിരക്കുന്ന കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണ് മാർച്ച് പ്രഖ്യാപിച്ചത്. 2020 നവംബർ മുതൽ 2021 ഡിസംബർ വരെ നടന്ന മാർച്ചിന്റെ രണ്ടാം ഘട്ടമായാണു പുതിയ പ്രക്ഷോഭം. അന്നു സമരം പിൻവലിക്കാൻ കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു പറഞ്ഞാണു പുതിയ പ്രക്ഷോഭം.
എം.എസ് സ്വാമിനാധൻ കമ്മിഷൻ റിപ്പോർട്ടിലെ വിവിധ ആവശ്യങ്ങൾ നടപ്പാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് കർഷകർ ഉയർത്തുന്നത്. കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന താങ്ങുവില നടപ്പാക്കുക, സമ്പൂർണമായി കർഷകകടം എഴുത്തിത്തള്ളുക, വൈദ്യുതി സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക തുടങ്ങി 12 ആവശ്യങ്ങളാണ് ഇത്തവണ കർഷകർ ഉയർത്തുന്നത്.
രാജ്യതലസ്ഥാനത്തേക്കു പ്രഖ്യാപിച്ച മാർച്ച് ഹരിയാന-പഞ്ചാബ് അതിർത്തിയിലെ ശംഭുവിൽ തടഞ്ഞിരിക്കുകയാണ്. പതിനായിരക്കണക്കിനു കർഷകരാണ് ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്. അതിനിടെ, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ റായ്, അർജുൻ മുണ്ഡെ എന്നിവർ കർഷക സംഘടനകളുമായി ചർച്ച നടത്തുന്നുണ്ട്.
Summary: 'Need to bring Modi's graph down...': Farmer Leader Jagjit Singh Dallewal's remarks trigger row