തളരാത്ത പോരാട്ടവീര്യവുമായി കര്‍ഷകര്‍; വെള്ളക്കെട്ടിലും പ്രതിഷേധം തുടര്‍ന്ന് രാകേഷ് തികായത്ത്
|പ്രതിഷേധക്കാര്‍ താത്കാലികമായി നിര്‍മിച്ച ടെന്റുകളും കൂടാരങ്ങളും കനത്ത മഴയില്‍ തകര്‍ന്നു
കനത്ത മഴയിലും ചോരാത്ത പോരാട്ടവീര്യവുമായി കര്‍ഷകര്‍. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് തികായത്തും കര്‍ഷകരും ഗാസിപൂരില സമര വേദിയില്‍ വെള്ളക്കെട്ടുണ്ടായിട്ടും പിന്മാറാതെ പ്രതിഷേധം തുടര്‍ന്നു. ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന അഴുക്കുചാലുകള്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ അതൊന്നും പരിഗണിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ താത്കാലികമായി നിര്‍മിച്ച ടെന്റുകളും കൂടാരങ്ങളും കനത്ത മഴയില്‍ തകര്‍ന്നു. പ്രതിഷേധിക്കുന്ന കർഷകർ ശൈത്യം, വേനൽ, മഴ എന്നിങ്ങനെ പല കാലങ്ങള്‍ കണ്ടു. കർഷകർ ഒന്നിനെയും ഭയപ്പെടാൻ പോകുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ധര്‍മേന്ദ്ര മാലിക് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം മുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ച് സമരം അടുത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഹരിയാനയിലെ കര്‍ണാലില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമമുണ്ടായി. സംഭവത്തില്‍ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കര്ഷകന് കൊല്ലപ്പെട്ടു. ഈ മാസം 25ന് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.