ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി; സമരം അവസാനിപ്പിച്ച് ഹരിയാനയിലെ സൂര്യകാന്തി കർഷകർ
|സൂര്യകാന്തി വിളകൾക്ക് മിനിമം താങ്ങുവില കിലോയ്ക്ക് 64 രൂപയാക്കി നിശ്ചയിച്ച് വിള സർക്കാർ ഏറ്റെടുക്കണം എന്നായിരുന്നു കർഷകരുടെ ആവശ്യം
ന്യൂഡല്‍ഹി: കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഹരിയാന സർക്കാർ ഉറപ്പു നൽകിയതോടെ സൂര്യകാന്തി കർഷകർ സമരം അവസാനിച്ചു. മഹാ പഞ്ചായത്ത് ചേർന്ന് ദേശീയ പാത ഉപരോധിച്ചുകൊണ്ടുള്ള കർഷകരുടെ സമരം രണ്ടാം ദിവസവും ശക്തമായതോടെയാണ് സർക്കാറിന് മുട്ടുമടക്കേണ്ടി വന്നത്.
മിനിമം താങ്ങുവിലെ നടപ്പാക്കുകയോ അല്ലെങ്കിൽ കർഷകരെ ജയിലിൽ അടയ്ക്കുകയോ ചെയ്യണമെന്ന് കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് നേരത്തെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സൂര്യകാന്തി വിളകൾക്ക് മിനിമം താങ്ങുവില കിലോയ്ക്ക് 64 രൂപയാക്കി നിശ്ചയിച്ച് വിള സർക്കാർ ഏറ്റെടുക്കണം എന്നായിരുന്നു കർഷകരുടെ ആവശ്യം. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ പിപ്ലിയിൽ കർഷകർ നടത്തി വന്നിരുന്ന സമരം അവസാനിച്ചതായി കർഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് തന്നെയാണ് അറിയിച്ചത്.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി കർഷക നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നൽകാമെന്ന് അറിയിച്ച അധികൃതർ പിന്നീട് വാക്കു മാറ്റിയതോടെയാണ് സമരം ദേശീയപാത 44ലേക്ക് മാറിയത്. ജൂൺ ആറിന് ഇതേ ദേശീയപാത കർഷകർ ഉപരോധിച്ചിരുന്നു. സമരത്തിന് പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ മഹാപഞ്ചായതിൽ പങ്കെടുത്തിരുന്നു.