India
ബിജെപി സര്‍ക്കാരുകളെ താഴെയിറക്കും; മഹാപഞ്ചായത്തിൽ കർഷകപ്രഖ്യാപനം
India

'ബിജെപി സര്‍ക്കാരുകളെ താഴെയിറക്കും'; മഹാപഞ്ചായത്തിൽ കർഷകപ്രഖ്യാപനം

Web Desk
|
5 Sep 2021 12:39 PM GMT

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പ്രക്ഷോഭങ്ങൾ തുടരുമെന്നും ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടക്കുന്ന കര്‍ഷക മഹാപഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി

ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധം കടുപ്പിച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാപഞ്ചായത്ത് ഉത്തർപ്രദേശിലെ മുസഫർനഗറിൽ പുരോഗമിക്കുകയാണ്. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണത്തിനിറങ്ങുന്നതടക്കമുള്ള നിർണായക തീരുമാനങ്ങളാണ് സമ്മേളനം ഇതിനകം കൈക്കൊണ്ടിട്ടുള്ളത്. കര്‍ഷകവിരുദ്ധ നയം തുടരുന്ന ബിജെപി സര്‍ക്കാരുകളെ താഴെയിറക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും മുന്നറിയിപ്പുണ്ട്.

രാകേഷ് ടികായത്ത് അടക്കമുള്ള പ്രമുഖ കർഷക നേതാക്കൾ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നുണ്ട്. യുപിയിലെ പഴയ കർഷകനേതാവ് മഹേന്ദ്ര സിങ് ടികായത്തിന്റെ നേതൃത്വത്തില്‍ നിരവധി കർഷകപ്രക്ഷോഭങ്ങളുടെ ചൂടറിഞ്ഞ അതേ വേദി തന്നെയാണ് നരേന്ദ്ര മോദി-യോഗി ആദിത്യനാഥ് സർക്കാരുകൾക്കെതിരായ കർഷകരോഷം ഇളകിമറിയുന്ന മഹാപഞ്ചായത്തിന് സാക്ഷ്യംവഹിക്കുന്നതെന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്.

''ഏതാനും കർഷകർ മാത്രമാണ് കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ എത്ര കുറച്ചുപേരാണ് പ്രതിഷേധരംഗത്തുള്ളതെന്ന് അവർ ഇവിടെവന്നു കാണട്ടെ. അങ്ങ് പാർലമെന്റിലിരിക്കുന്നവരുടെ ചെവികളിലുമെത്തുന്ന തരത്തിൽ നമുക്ക് ഉച്ചത്തിൽ ശബ്ദമുയർത്താം''-മഹാപഞ്ചായത്തിൽ കർഷകനേതാക്കൾ വ്യക്തമാക്കി. സമീപത്തുള്ള ഹാപൂർ, ബുലന്ദ്ഷഹർ, അലിഗഡ് എന്നിവിടങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിനു കർഷകരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ സമ്മേളനവേദിയിലും നഗരത്തിലും 8,000ത്തോളം പൊലീസിനെ യുപി സർക്കാർ വിന്യസിച്ചിട്ടുണ്ട്.

യുപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണം കടുപ്പിക്കും

കർഷക ആവശ്യങ്ങൾക്ക് ചെവികൊടുത്തിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി തിരിച്ചടി നൽകാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

കർഷകരുടെയും തൊഴിലാളികളുടെയും കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നവരുടെയും ശക്തി മഹാപഞ്ചായത്തിലൂടെ മോദി, യോഗി സർക്കാരുകൾ തിരിച്ചറിയുമെന്ന് സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം) പ്രസ്താവനയിൽ പറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പ്രക്ഷോഭങ്ങൾ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ഈ മാസം 27ന് ഭാരത് ബന്ദ്

കർഷകനിയമങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 27ന് ഭാരത് ബന്ദ് സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. വരുംദിവസങ്ങളിൽ രാജ്യത്തുടനീളം കർഷകസംഗമങ്ങൾ നടത്തുമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു.

രാജ്യം വിറ്റുതുലയ്ക്കാനുള്ള നീക്കം തടയണം. കർഷകരെയും രാജ്യത്തെയും രക്ഷിക്കണം. ബിസിനസ് സംരംഭങ്ങളും തൊഴിലാളികളും യുവാക്കളുമെല്ലാം സംരക്ഷിക്കപ്പെടണം. ഇതാണ് കർഷകറാലിയുടെ ലക്ഷ്യമെന്ന് രാകേഷ് ടികായത്ത് പറഞ്ഞു.

Similar Posts