India
ഡൽഹിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത്; അനുമതി നൽകാതെ ഡൽഹി പൊലീസ്
India

ഡൽഹിയിൽ ഇന്ന് കർഷക മഹാപഞ്ചായത്ത്; അനുമതി നൽകാതെ ഡൽഹി പൊലീസ്

Web Desk
|
22 Aug 2022 1:42 AM GMT

സമരത്തിൽ പങ്കെടുക്കാൻ ഇന്നലെ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകനേതാവ് രാകേഷ് ടികായത്തിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് യു.പിയിലേക്ക് തിരിച്ചയച്ചിരുന്നു

ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം ഡൽഹി നഗരം കർഷകരോഷത്തിന് ഇന്ന് സാക്ഷ്യംവഹിക്കും. കർഷക മഹാപഞ്ചായത്ത് ഇന്ന് രാവിലെ ഡൽഹിയിലെ ജന്തർ മന്ദറിൽ ആരംഭിക്കും. എന്നാൽ, സമരത്തിനുള്ള അനുമതി പൊലീസ് നിഷേധിച്ചിട്ടുണ്ട്. മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകനേതാവ് രാകേഷ് ടികായത്തിനെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് യു.പിയിലേക്ക് തിരിച്ചയച്ചിരുന്നു.

സമരത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പലവട്ടം ചർച്ച നടത്തിയിട്ടും ജന്തർ മന്ദറിൽ സമരം ചെയ്യാനുള്ള അനുമതി പൊലീസ് കർഷക സംഘടനകൾക്ക് നൽകിയില്ല. എന്നാൽ, അനുവാദമില്ലെങ്കിലും സമരം നടത്തി അറസ്റ്റ് വരിക്കുമെന്ന് കർഷകർ അറിയിച്ചുകഴിഞ്ഞു. കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല കൂടുതൽ കർഷകദ്രോഹ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണെന്നും കർഷകർ ആരോപിക്കുന്നു.

സമരത്തിനെത്തുന്ന കർഷകരുടെ വാഹനങ്ങൾ ഡൽഹി അതിർത്തികളിൽ ഡൽഹി പൊലീസ് തടയുകയാണ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് രണ്ടായിരത്തിലധികം കർഷകർ ഡൽഹിയിലെ വിവിധ ഗുരുദ്വാരകളിൽ എത്തിക്കഴിഞ്ഞു. താങ്ങുവില ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ പലവാഗ്ദാനങ്ങളും ജലരേഖയായി മാറിയതിന്റെ അസ്വസ്ഥതയും കർഷകരിലുണ്ട്.

5,000 പേരെയാണ് സമരത്തിന് പ്രതീക്ഷിക്കുന്നതെങ്കിലും ആയിരക്കണക്കിനുപേർ നേരത്തെ തന്നെ രാജ്യതലസ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു രാകേഷ് ടികായത്തും ഇന്നലെ ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ, അദ്ദേഹത്തെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് യു.പിയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഗാസിപ്പൂരിൽ വെച്ചാണ് മുൻകരുതലെന്ന നിലയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ മധു വിഹാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ടികായത്തിനോട് പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു. യു.പിയിലേക്ക് തിരിച്ചയച്ചതോടെ മഹാപഞ്ചായത്തിൽ ടികായത്തിന് പങ്കെടുക്കാനാകില്ല. ഡൽഹി പൊലീസിന് കർഷകരുടെ ശബ്ദം അടിച്ചമർത്താൻ സാധിക്കില്ലെന്നും അവസാനശ്വാസംവരെ പോരാട്ടം തുടരുമെന്നും അറസ്റ്റിന് പിന്നാലെ രാകേഷ് ട്വീറ്റ് ചെയ്തു.

Summary: Delhi Traffic Police issues advisory ahead of farmers' mahapanchayat today at Jantar Mantar, New Delhi

Similar Posts