വോട്ട് ചോദിച്ചെത്തുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ പ്രതിഷേധം ശക്തമാക്കി പഞ്ചാബിലെ കർഷകർ
|നാല് പ്രധാന പാര്‍ട്ടികൾ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് പഞ്ചാബ്
ജയ്പൂര്‍: വോട്ട് ചോദിച്ചെത്തുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പഞ്ചാബിലെ കർഷകർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റും കർഷക സമരവും ബി.ജെ.പിക്ക് തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ. നാല് പ്രധാന പാര്‍ട്ടികൾ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് പഞ്ചാബ്.
ഒരു വർഷം നീണ്ടുനിന്ന ഒന്നാം കർഷക സമരം ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. പ്രത്യക്ഷ സമരം അവസാനിച്ചെങ്കിലും കർഷക രോഷത്തിന് ശമനമില്ല. ഗ്രാമങ്ങളുടെ അതിർത്തികൾ അടച്ചും കർഷകർ പ്രതിഷേധിക്കുന്നു. പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന് വേണ്ടിയാണ് സമരമെന്ന് കർഷകർ വ്യക്തമാക്കുന്നു.
പഞ്ചാബിൽ 13 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇത്തവണ നാല് പാർട്ടികളും ഒറ്റക്കാണ് മത്സരിക്കുന്നത്. അവസാനഘട്ടത്തിലാണ് വോട്ടെടുപ്പ്. ആം ആദ്മിയിൽ നിന്നും കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളടക്കം ബി.ജെ.പിയിലേക്ക് എത്തിയിരുന്നു. എൽഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവന്ന അകാലിദൽ 7 മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാണ്.