സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ
|ഡൽഹിക്ക് അകത്തേക്ക് പ്രവേശിക്കാൻ തയ്യാറായിരിക്കാൻ കർഷകർക്ക് നിർദേശം
സമരം കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ . കാർഷിക നിയമങ്ങൾ ഈ മാസം 26ന് മുന്പ് പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിൽ ട്രാക്ടറുകളുമായി സമരം നടത്താനാണ് തീരുമാനം . അതിർത്തികളിൽ നിന്ന് കർഷകരെ ഒഴിപ്പിച്ചാൽ പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ ദീപാവലി ആഘോഷം നടത്തുമെന്ന് കിസാൻ മോർച്ച അറിയിച്ചു .ഡൽഹിക്ക് അകത്തേക്ക് പ്രവേശിക്കാൻ തയ്യാറായിരിക്കാനും കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കിസാൻ മോർച്ചയുടെ നിർണ്ണായക യോഗം നാളെ നടക്കും.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി കർഷകർ ഡൽഹിയുടെ വിവിധ അതിർത്തികളിൽ സമരത്തിലാണ്. സമരത്തിന്റെ ഭാഗമായി കർഷകർ സ്ഥാപിച്ച ടെന്റുകളും ബാരിക്കേഡുകളും കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് നീക്കിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയിരുന്നു. നടപടിയുമായി പൊലീസ് മുന്നോട്ട് പോയാൽ സമരം ഡൽഹിയിലേക്ക് മാറ്റുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു.