India
Delhi Chalo March
India

കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക്; അതിര്‍ത്തികളില്‍ സുരക്ഷ ഒരുക്കി പൊലീസ്

Web Desk
|
6 March 2024 4:26 AM GMT

പ്രതിഷേധം കണക്കിലെടുത്ത് തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഡല്‍ഹി പൊലീസ് സുരക്ഷ ഒരുക്കി.

ഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കും. പ്രതിഷേധം കണക്കിലെടുത്ത് തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലും റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഡല്‍ഹി പൊലീസ് സുരക്ഷ ഒരുക്കി. മാര്‍ച്ച് 6 ന് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെത്തണമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ചയും ആഹ്വാനം ചെയ്തിരുന്നു.

വിളകള്‍ക്ക് മിനിമം താങ്ങുവില, നിയമപരമായ ഗ്യാരണ്ടി, കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം. മാര്‍ച്ച് 10 ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയ്ന്‍ തടയല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 13 ന് ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചെങ്കിലും ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാസേന തടഞ്ഞു. ഇത് നിരവധി സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ഇതിനിടെ ഒരു കര്‍ഷകന്‍ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ താല്‍ക്കാലികമായി സമരം നിര്‍ത്തിവെച്ചു. കര്‍ഷകരും കേന്ദ്രവും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇതുവരെ നാലു തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദര്‍ പറഞ്ഞു. ഡല്‍ഹി ചലോ മാര്‍ച്ച് താല്‍കാലികമായി നിര്‍ത്തിവെച്ചതായി കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുന്നുണ്ട്.

ദിവസങ്ങള്‍ക്കുമുമ്പ് കൊല്ലപ്പെട്ട കര്‍ഷകന്റെ മരണത്തില്‍ അനുശോചിച്ച് മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പൊതുമുതല്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഹരിയാന പൊലീസ് തുടരുന്നുണ്ട്.

Similar Posts