കർഷക സമരം: കേന്ദ്രം വീണ്ടും ചർച്ച നടത്തും
|സമരത്തിൽ ടിക്കായത്ത് വിഭാഗം പങ്കെടുക്കുന്ന വിഷയം ഇന്ന് മഹാപഞ്ചായത്ത് തീരുമാനിക്കും
ന്യൂഡൽഹി: ഡൽഹി-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തും. നാളെ വൈകിട്ടാണ് ചർച്ച. ശംഭു അതിർത്തിയിലെ സമരത്തിൽ ടിക്കായത്ത് വിഭാഗം പങ്കെടുക്കുന്ന വിഷയം ഇന്ന് മഹാപഞ്ചായത്ത് തീരുമാനിക്കും.
കർഷക സമരം അവസാനിപ്പിക്കാൻ പ്രത്യേക ഫോർമുലയുമായി എത്തുമെന്നാണ് കേന്ദ്രസർക്കാർ പ്രതിനിധികൾ കർഷകരെ അറിയിച്ചിരിക്കുന്നത്. താങ്ങുവില നിയമപരമാക്കുന്ന വിഷയത്തിൽ കൃത്യമായ ഉറപ്പുകൾ നൽകാതെ പിൻവലിയില്ലെന്ന നിലപാടിലാണ് .കർഷക മോർച്ചയിലെ രാഷ്ട്രീയേതര വിഭാഗം.
സംയുക്ത കിസാൻ മോർച്ച രണ്ട് വിഭാഗമായി തിരിഞ്ഞു നിൽക്കുന്നത് , ഇരുകൂട്ടർക്കും തിരിച്ചടിയാണ്. രാഷ്ട്രീയേതര വിഭാഗം നേരിടുന്ന പോലീസ് നടപടി കൾക്കെതിരെ എസ് കെ എം രംഗത്ത് എത്തിയത് , ഇരുവിഭാഗങ്ങളും തമ്മിലെ മഞ്ഞുരുക്കമായി കാണുന്നവരുമുണ്ട്. രാഷ്ട്രീയേതര വിഭാഗത്തിന്റെ സമരത്തിന് ഒപ്പം നിൽക്കണോ എന്ന് തീരുമാനിക്കുന്ന യുപിയിലെ കർഷകരുടെ നിർണായക യോഗം മുസഫർനഗറിൽ ഇന്ന് ചേരും.
മഹാപഞ്ചായത്തിന്റെ തീരുമാനം അനുസരിച്ചു തുടർ നടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് ബി കെ യു ദേശീയ അധ്യക്ഷൻ നരേഷ് ടികായത്. സമരഭൂമിയിൽ ഒരു കർഷകന്റെ ജീവൻ പൊലിഞ്ഞത് പ്രതിഷേധം ഇരട്ടിയാക്കിയിട്ടുണ്ട് . തുടർച്ചയായ കണ്ണീർ വാതക പ്രയോഗം പ്രായമേറിയ കർഷകരുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തർക്കങ്ങൾ മാറ്റിവച്ചു കർഷക സംഘടനകൾ ഒറ്റകെട്ടായാൽ , ആ സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ ഏറെ ബുദ്ധിമുട്ടേണ്ടിവരും