‘സ്വതന്ത്ര അന്വേഷണം വേണം’; കശ്മീരിലെ ഭീകരാക്രമണങ്ങളിൽ സംശയം പ്രകടിപ്പിച്ച് ഫാറൂഖ് അബ്ദുല്ല
|‘സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണം’
ശ്രീനഗർ: ജമ്മു കശ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളിൽ സംശയം പ്രകടിപ്പിച്ച് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ല. കശ്മീരിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ നിരന്തരമുണ്ടാകുന്ന സായുധ ഏറ്റുമുട്ടലുകളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമീപകാലത്തെ ഏറ്റുമുട്ടലുകളിലും അതിന്റെ വർധനവുകളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ ഏറ്റമുട്ടലുകളുടെ വർധനക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന എന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് സ്വതന്ത്ര അന്വേഷണത്തിൽ വ്യക്തമാകാൻ സാധ്യതയുണ്ടെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് ഏറ്റുമുട്ടലുകളുടെ കാര്യത്തിൽ ഈ രീതിയിലുള്ള കുതിച്ചുചാട്ടം ഉണ്ടായിരുന്നില്ല. ഈ സംഭവങ്ങൾക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്താൻ സ്വതന്ത്ര അന്വേഷണം വേണം. തന്റെ മകൻ ഉമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഭരണത്തെ അസ്ഥിരപ്പെടുത്താൻ ചില ഏജൻസികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. മാരകമായ ഏറ്റുമുട്ടലുകളിൽ ഏർപ്പെടുന്നതിന് പകരം തീവ്രവാദികളെ പിടികൂടാൻ സുരക്ഷാ സേനകൾ മുൻഗണന നൽകണമെന്നും ഫാറൂഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
ശ്രീനഗറിലെ ഖന്യാർ പ്രദേശത്ത് നടന്ന ഏറ്റമുട്ടലിനെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, അറസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. അവരെ ജീവനോടെ പിടികൂടിയിരുന്നെങ്കിൽ പ്രദേശത്തെ അസ്ഥിരപ്പെടുത്താൻ പ്രത്യേക ഘടകങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്താൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങൾ വർധിക്കുന്നതിന് മുമ്പ് ടൂറിസം അഭിവൃദ്ധിപ്പെടുകയും ദൈനംദിന വ്യാപാര പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുകയും ചെയ്തിരുന്നു. പുതിയ സംഭവ വികാസങ്ങൾ പ്രദേശത്തിന്റെ പുരോഗതിയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കും. തീവ്രവാദം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. അതിനാലാണ് താൻ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഫാറൂഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു.
അതേസമയം, ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നു. ഈ തീവ്രവാദം വരുന്നതെന്ന് പാകിസ്താനിൽനിന്നാണെന്ന് ഫാറൂഖ് അബ്ദുല്ലക്ക് അറിയാമെന്ന് ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു. ഇക്കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ജമ്മു കശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നതും ഫാറൂഖ് അബ്ദുല്ലക്ക് അറിയാം. പാകിസ്താനും തീവ്രവാദ സംഘടനകളും ഇതിൽ പങ്കാളികളാണ്. നമ്മുടെ സൈന്യത്തെയും പൊലീസിനെയും സുരക്ഷാ സേനയെയും നമ്മൾ പിന്തുണക്കുകയാണ് വേണ്ടത്. മനുഷ്യത്വത്തിന്റെ ശത്രുക്കളായവർക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും രവീന്ദർ റെയ്ന പറഞ്ഞു.
അതേസമയം, ഫാറൂഖ് അബ്ദുല്ലയുടെ ആരോപണം കേന്ദ്ര സർക്കാർ ഗൗരവമായി എടുക്കണമെന്ന് എൻസിപി നേതാവ് ശരത് പവാർ വ്യക്തമാക്കി. ജമ്മു കശ്മീരിലെ മുതിർന്ന വ്യക്തിത്വമാണ് ഫാറൂഖ് അബ്ദുല്ല. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ സത്യസന്ധതയിൽ എനിക്ക് സംശയമില്ല. അങ്ങനെയുള്ള ഒരു നേതാവ് എന്തെങ്കിലും പ്രസ്താവന നടത്തുകയാണെങ്കിൽ ആഭ്യന്തര മന്ത്രാലയമടക്കം അതിനെ ഗൗരവത്തോടെ സമീപിക്കണം. നിലവിലെ സാഹചര്യം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും ശരത് പവാർ പറഞ്ഞു.
അനന്ത്നാഗിൽ ശനിയാഴ്ച രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ച് കൊന്നതാണ് അവസാനത്തെ സംഭവം. ഒരാൾ വിദേശിയാണെന്നും മറ്റൊരാൾ പ്രദേശവാസിയാണെന്നും അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തിനിടെ കശ്മീർ താഴ്വരയിൽ നടക്കുന്ന നാലാമത്തെ തീവ്രവാദ സംഭവമാണിത്.
ഉത്തർ പ്രദേശിൽനിന്നുള്ള രണ്ട് തൊഴിലാളികൾക്ക് ബുഡ്ഗാം ജില്ലയിൽ വെള്ളിയാഴ്ച വെടിയേറ്റിരുന്നു. പരിക്കേറ്റ ഇരുവരെയും ശ്രീനഗറിലെ ജെവിസി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും അപലപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ വർധനവുണ്ടായതെന്ന് നാഷനൽ കോൺഫറൻസ് എംപി സയ്യിദ് റൂഹുല്ലാഹ് മെഹ്ദി ചോദിക്കുകയുണ്ടായി.
ഒക്ടോബർ ആദ്യത്തിൽ സോനാമർഗ് പ്രദേശത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 18ന് ബിഹാറിൽനിന്നുള്ള അതിഥി തൊഴിലാളി തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ വെടിയേറ്റ് മരിക്കുകയുണ്ടായി. ഒക്ടോബർ 24ന് ഗുൽമാർഗിന് സമീപം രണ്ട് സൈനികരും രണ്ട് സൈനിക ചുമട്ടുതൊഴിലാളികളും കൊല്ലപ്പെടുകയുണ്ടായി.