അന്ന് പൊലീസ് അനാസ്ഥയിൽ പിതാവ് കൊല്ലപ്പെട്ടു; ഇന്ന് ഡി.എസ്.പി പരീക്ഷയിൽ വിജയം നേടി മകൾ- ഇത് ആയുഷിയുടെ കഥ
|'എട്ടുവർഷം കഴിഞ്ഞിട്ടും പിതാവിന്റെ കൊലയാളിയെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല'
മൊറാദാബാദ്: 2015 ൽ 12 ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആയുഷി സിംഗിന് തന്റെ പിതാവിനെ നഷ്ടപ്പെടുന്നത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ പിതാവായ ഭുര എന്ന യോഗേന്ദ്ര സിംഗിനെ ചിലർ വെടിവെച്ചുകൊല്ലുകയായിരുന്നു. ഒരു കൊലപാതകക്കേസിൽ മൊറാദാബാദ് ജയിലിലായിരുന്നു യോഗേന്ദ്ര സിംഗ്. ഇതിന്‍റെ വിചാരണക്കായി കോടതിയില്‍ എത്തിയപ്പോഴാണ് ഇയാളെ വെടിവെച്ചുകൊല്ലുന്നത്.
പൊലീസിന്റെ അനാസ്ഥയായിരുന്നു ഈ കൊലപാതകത്തിലേക്ക് നയിച്ചത്. വർഷം എട്ടുകഴിഞ്ഞിട്ടും പിതാവിന്റെ കൊലയാളിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആ സംഭവം ആയുഷി സിംഗിന്റെ മനസിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല. പിതാവിന്റെ കൊലപാതകം പോലെ ഇനി ആവർത്തിക്കരുത് എന്ന് അവൾ മനസിൽ ഉറപ്പിച്ചു. പിതാവിന്റെ ആഗ്രഹം പോലെ അവൾ ഉറച്ച തീരുമാനമെടുത്തു. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ഫൈനൽ റിസൾട്ട് പുറത്തു വന്നപ്പോൾ 62 ാം റാങ്കുമായി ആയുഷി സിംഗ് മികച്ച വിജയം നേടി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മൊറാദാബാദിലെ ആഷിയാന കോളനിയിലെ താമസക്കാരിയായ ആയുഷി തന്റെ രണ്ടാം ശ്രമത്തിൽ ദിവസവും 6-7 മണിക്കൂർ പഠിച്ചാണ് യുപിപിഎസ്സി പരീക്ഷ പാസായത്. അതേസമയം, ഐപിഎസ് ഓഫീസറാകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ആയുഷി പറയുന്നു. തന്നെ ഐപിഎസ് ഓഫീസറാകുക എന്നതായിരുന്നു പിതാവിന്‍റെയും ആഗ്രഹം.
അച്ഛന്റെ കൊലപാതകം മുതൽ അത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥയാകാൻ തീരുമാനിച്ചിരുന്നെന്നും ആയുഷി പറയുന്നു. പൊലീസ് ഭരണകൂടത്തിന്റെ വലിയ പരാജയമാണ് അന്ന് പിതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസിൽ എനിക്കാവുന്നത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. യുപി തക്കുമായുള്ള അഭിമുഖത്തിൽ ആയുഷി പറഞ്ഞു. തന്റെ ഈ നേട്ടത്തിന് അമ്മ പൂനം, ഐഐടിയിൽ എംടെക് പഠിക്കുന്ന സഹോദരൻ, മുത്തശ്ശി എന്നിവരടങ്ങുന്ന കുടുംബത്തിനാണ് ആയുഷി നന്ദി പറയുന്നത്.