വിനോദയാത്രക്കിടെ അപകടത്തിൽ മകനെ കാണാതായി; വിവരം നൽകുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ മേയർ
|ഞായറാഴ്ചയാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ കാർ സത്ലജ് നദിയിലേക്ക് മറിഞ്ഞത്
ചെന്നൈ: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുണ്ടായ അപകടത്തിൽ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുൻ മേയർ സെയ്ദായി ദുരൈസാമി. വിനോദയാത്രക്ക് പോയ മകൻ വെട്രി ദുരൈസാമി (45) സഞ്ചരിച്ച കാർ സത്ലജ് നദിയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.
ഞായറാഴ്ചയാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ കാർ നദിയിലേക്ക് വീണത്. അപകടത്തിൽ കാർ ഡ്രൈവർ മരിക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ അപകടത്തിൽപ്പെട്ട വെട്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടെയുണ്ടായിരുന്ന ഗോപി നാഥിനെ പരിക്കുകളോടെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നോവ കാർ നിയന്ത്രണം വിട്ട് 200 മീറ്റർ താഴ്ചയുള്ള നദിയിലേക്ക് വീഴുകയായിരുന്നു.
കാണാതായ മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് പിതാവായ സെയ്ദായി ദുരൈസാമി പ്രദേശവാസികളോട് അപേക്ഷിച്ചു. വെട്രിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നയാൾക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം തനിക്ക് ലഭിച്ചതായി കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ ശർമ്മ പറഞ്ഞു.
വെട്രിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ജനേശ്വർ സിംഗ് പറഞ്ഞു. സൈന്യവും പൊലീസ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന നൂറോളം പേർ തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്.