India
Father Rapes Minor Girl In Up, Old Man Rapes 16 Year Girl In Madhyapradesh Assualt Continues
India

യു.പിയിൽ പ്രായപൂർത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്ത് പിതാവ്; മധ്യപ്രദേശിൽ 16കാരിയെ പീഡിപ്പിച്ച് 69കാരൻ- അതിക്രമങ്ങൾ കൂടുന്നു

Web Desk
|
18 Aug 2024 10:10 AM GMT

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഉത്തർപ്രദേശിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ലഖ്നൗ: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം ശക്തമാവുന്നതിനിടെ മറ്റു സംസ്ഥാനങ്ങളിലും ബലാത്സം​ഗങ്ങൾ തുടരുന്നു. യു.പിയിൽ 17കാരിയായ പെൺകുട്ടിയെ സ്വന്തം പിതാവ് ബലാത്സം​ഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.

ഒരു വർഷത്തിലേറെയായി പിതാവ് മകളെ ബലാത്സം​ഗത്തിനിരയാക്കുന്നതായി ചൂണ്ടിക്കാട്ടി മാതാവ് നൽകിയ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ നിരവധി തവണ ഇയാൾ ബലാത്സംഗം ചെയ്തതായി മാതാവിന്റെ പരാതിയിൽ പറയുന്നതായി സർക്കിൾ ഓഫീസർ അഞ്ജനി കുമാർ ചതുർവേദി അറിയിച്ചു.

പീഡനത്തെ കുറിച്ച് ഭർത്താവിനോട് ചോദിച്ച ഭാര്യയെ ഇയാൾ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപെട്ടു. പിന്നാലെ, വെള്ളിയാഴ്ച മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ഉദ്യോ​ഗസ്ഥ കൂട്ടിച്ചേർത്തു.

അതേസമയം, മധ്യപ്രദേശിലെ ഷഹ്ദോൽ ജില്ലയിൽ 16കാരിയെ 69കാരൻ ബലാത്സം​ഗം ചെയ്തു. ബിയോഹരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആ​ഗസ്റ്റ് 14നാണ് സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ കയറി പീഡിപ്പിച്ചതെന്ന് ബിയോഹരി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അരുൺ പാണ്ഡെ പറഞ്ഞു.

പെൺകുട്ടിയും കുടുംബാംഗങ്ങളും ആ​ഗസ്റ്റ് 15ന് ലോക്കൽ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ആഗസ്റ്റ് 16ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സൻഹിത, പോക്‌സോ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ബെം​ഗളൂരുവിൽ യുവാവ് പെൺകുട്ടിയെ ലിഫ്റ്റ് വാ​ഗ്ദാനം ചെയ്ത് ബൈക്കിൽ കയറ്റി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സം​ഗത്തിനിരയാക്കിയതാണ് മറ്റൊരു സംഭവം. സിറ്റി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടി കോറമംഗലയിൽനിന്ന് ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികൻ പെൺകുട്ടിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇതിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (ഈസ്റ്റ് സോൺ) രമൺ ഗുപ്ത പറഞ്ഞു. അന്വേഷണത്തിനായി അഞ്ച് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഉത്തരാഖണ്ഡിൽ ഒരു സർക്കാർ ബസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി. മൊറാദാബാദിൽനിന്ന് വരികയായിരുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി ഡെറാഡൂണിൽ വച്ചാണ് ബലാത്സം​ഗത്തിന് ഇരയായത്. സംഭവത്തിൽ ഒരു റോഡ് വേസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

രാജ്യത്ത് ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരായ 55 അതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായാണ് നാഷണൽ ക്രൈംറെക്കോർഡ് ബ്യൂറോയുടെ കണക്ക്. 2022ൽ മാത്രം 4.45 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ ഇത് 4.28 ലക്ഷവും 2020ൽ 3.71 ലക്ഷവുമായിരുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഉത്തർപ്രദേശിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 65,743 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ ഇത് 56,083ഉം 2020ൽ 49,385 ഉം ആയിരുന്നു എന്നിരിക്കെയാണ് കേസുകൾ കുത്തനെ ഉയർന്നത്. 2022ൽ 45,331 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് രണ്ടാമത്. രാജസ്ഥാനാണ് ഇക്കാലയളവിൽ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ മൂന്നാമത്- 45,058 എണ്ണം.

Similar Posts