India
അന്യജാതിക്കാരനുമായുള്ള വിവാഹം; ഗര്‍ഭിണിയായ യുവതിയെ പിതാവ് കഴുത്തു മുറിച്ച് കൊലപ്പെടുത്തി
India

അന്യജാതിക്കാരനുമായുള്ള വിവാഹം; ഗര്‍ഭിണിയായ യുവതിയെ പിതാവ് കഴുത്തു മുറിച്ച് കൊലപ്പെടുത്തി

Web Desk
|
23 July 2021 4:51 AM GMT

കൊലപാതകത്തിന് ശേഷം പ്രതി രാംപ്രസാദ് ഓടി രക്ഷപ്പെടുകയും ചെയ്തു

ഝാര്‍ഖണ്ഡില്‍ അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ പിതാവ് കഴുത്തു മുറിച്ച് കൊലപ്പെടുത്തി. സംഭവം കണ്ട മാതാവ് ബോധരഹിതയായി നിലത്തു വീണു. കൊലപാതകത്തിന് ശേഷം പ്രതി രാംപ്രസാദ് ഓടി രക്ഷപ്പെടുകയും ചെയ്തു.

ഗോവിന്ദ്പൂരില്‍ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കൃഷിയിടം കാണിക്കാനെന്ന വ്യാജേനെ രാംപ്രസാദ് ഭാര്യയെയും മകള്‍ ഖുശ്ബു കുമാരിയെയും(20) ഗോവിന്ദ്പൂരില്‍ നിന്നും ഓട്ടോറിക്ഷയില്‍ നവതന്ദിലെത്തിക്കുകയായിരുന്നു. സ്ഥലം കാണുന്നതിനിടെ രാംപ്രസാദ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മകളെ പല തവണ കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തു. ഇത് കണ്ട മാതാവ് അലറിക്കരഞ്ഞതോടെ രാംപ്രസാദ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ കണ്ട് അമ്മ ബോധരഹിതയായി നിലത്തു വീഴുകയും ചെയ്തു.

സംഭവമറിഞ്ഞെത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അന്യ ജാതിയില്‍ പെട്ട ആളെ ഖുശ്ബു വിവാഹം കഴിച്ചതില്‍ രാംപ്രസാദ് അസ്വസ്ഥനായിരുന്നുവെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഗോവിന്ദ്‌പൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഝാ രിയ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻസ്പെക്ടർ പങ്കജ് കുമാർ ഝാ പറഞ്ഞു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

Similar Posts