ഇതരജാതിക്കാരനായ സഹപാഠിയുമായി മകള്‍ക്ക് പ്രണയം; 17കാരിയെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
|സഹപാഠി ഇതരജാതിക്കാരനായതിനാല്‍ കുമാര്‍ പ്രണയബന്ധത്തെ എതിര്‍ത്തിരുന്നു
സിദ്ധാര്‍ഥ നഗര്‍: ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. മകള്‍ സന്ധ്യ സഹപാഠിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ പിതാവ് പ്രഹ്ളാദ് കുമാര്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
സഹപാഠി ഇതരജാതിക്കാരനായതിനാല്‍ കുമാര്‍ പ്രണയബന്ധത്തെ എതിര്‍ത്തിരുന്നു. പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്ധ്യ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രഹ്ളാദ് മഫ്ളര്‍ ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10 ന് ഷൊഹ്റത്ഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഖരഗ്വാർ ഗ്രാമത്തിലെ ഒരു പൂന്തോട്ടത്തില്‍ സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയതായി സിദ്ധാർത്ഥ നഗർ പൊലീസ് സൂപ്രണ്ട് പ്രാചി സിംഗ് പറഞ്ഞു. മകളുടെ മൃതദേഹം മാതാവ് തിരിച്ചറിയുകയും സന്ധ്യയെ കാമുകന് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തായ അങ്കിത് ഉപാധ്യയക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.
"ഞങ്ങൾ അവളുടെ ശരീരത്തിന് സമീപം കുറച്ച് വേവിച്ച അരി കണ്ടെത്തി, പെണ്‍കുട്ടിയുടെ അമ്മ അത് അവളുടെ കാമുകൻ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയതാകാമെന്ന് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ആണ്‍കുട്ടിക്കെതിരെ കൊലപാതക കുറ്റം ചുമത്തി" സിംഗ് വ്യക്തമാക്കി. എന്നാല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസിന് മനസിലായി. ഇതിനെ തുടര്‍ന്ന് അങ്കിതിനെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഭര്‍ത്താവ് എവിടെയാണെന്ന് സന്ധ്യയുടെ അമ്മയോട് ചോദിച്ചപ്പോള്‍ പ്രഹ്ളാദ് കുമാര്‍ ഡല്‍ഹിയിലാണെന്നാണ് പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ലഖ്നൗവിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പ്രഹ്ളാദിനെ പിടികൂടുകയായിരുന്നു. മകളുടെ പ്രണയം താന്‍ എതിര്‍ത്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പ്രഹ്ളാദ് സമ്മതിച്ചു. സമൂഹത്തിലെ തന്റെ നിലയെയും കുടുംബത്തിന്റെ സല്‍പ്പേരിനെയും ബാധിക്കുമെന്ന ഭയം മൂലമാണ് മകളെ കൊന്നതെന്ന് പ്രഹ്ളാദ് പറഞ്ഞു.
“ആ കുട്ടിയെ ഇനി കാണരുതെന്ന് ഞാൻ അവളോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അവളുടെ ജീവിതമാണെന്നും അത് അവളുടെ രീതിയിൽ ജീവിക്കുമെന്നും പറഞ്ഞ് അവൾ നിരസിച്ചു.ഇതിൽ ദേഷ്യം വന്ന ഞാൻ അവളുടെ കഴുത്തിൽ ഒരു മഫ്ലർ കൊണ്ട് ചുറ്റി ഞെരിച്ചു കൊന്നു. കാമുകന് വിഷം കൊടുത്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചോറും വിഷവും മൃതദേഹത്തിന് സമീപം വച്ചു. പിന്നീട് ഞാന്‍ ലഖ്നൗവിലേക്ക് പോയി'' പ്രഹ്ളാദ് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച മഫ്ളർ പൊലീസ് കണ്ടെടുത്തു. പ്രതി ഇപ്പോള്‍ ജയിലിലാണ്.