India
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് സാധ്യതാ പഠനം നടക്കുന്നതായി കേന്ദ്ര സർക്കാർ
India

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് സാധ്യതാ പഠനം നടക്കുന്നതായി കേന്ദ്ര സർക്കാർ

Web Desk
|
10 Aug 2021 12:58 PM GMT

ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നേരത്തെ സഭയില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് വ്യക്തിനിയമങ്ങൾ നില നിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു രാജ്യസഭയെ അറിയിച്ചു. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയേയും അറിയിച്ചു.

രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയത്. വിഷയത്തിൽ പഠനം നടത്താൻ നിയമമന്ത്രാലയം കേന്ദ്ര ലോ കമ്മീഷന് ശുപാർശ നൽകിയിട്ടുണ്ട്. ഈ പഠനത്തിൽ മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾക്ക് ശേഷം ഈ കാര്യത്തിൽ നടപടി ഉണ്ടായേക്കും. എന്നാൽ ഇത് നടപ്പിൽ വരുത്തുന്നതിന് കൃത്യമായി ഒരു സമയം സർക്കാറിന് പറയാൻ കഴിയില്ലെന്നും കിരൺ റിജ്ജു അറിയിച്ചു.

ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചത്. 2022 ജനുവരി വരെ പൗരത്വ നിയമം നടപ്പിലാക്കാന്‍ സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. എന്നാല്‍ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു.

Similar Posts