India
Features of Uttarakhand
India

'ബഹുഭാര്യത്വ നിരോധനം, തുല്യ സ്വത്തവകാശം'; ഉത്തരാഖണ്ഡ് ഏക സിവിൽകോഡ് ബില്ലിലെ നിർദേശങ്ങൾ ഇങ്ങനെ

Web Desk
|
5 Feb 2024 5:15 AM GMT

ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ച ഏക സിവിൽകോഡിന്റെ കരട് ബില്ലിൽ നിർണായക നിർദേശങ്ങൾ. യു.സി.സിക്കായി നിർദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായ് അധ്യക്ഷയായ അഞ്ചംഗ സമിതിയുടെ റിപ്പോർട്ടാണ് വിശദമായി പരിശോധിച്ചാണ് കരട് ബില്ല് തയ്യാറാക്കിയത്.

പ്രധാനപ്പെട്ട നിർദേശങ്ങൾ:

തുല്യ സ്വത്തവകാശം: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലിംഗഭേദമില്ലാതെ പാരമ്പര്യ സ്വത്തിൽ തുല്യ അവകാശമുണ്ടാവുമെന്ന് ബില്ലിൽ പറയുന്നു. ഒരാൾ മരിച്ചാൽ അയാളുടെ മാതാപിതാക്കൾക്കും ഭാര്യക്കും മക്കൾക്കും സ്വത്തിൽ തുല്യ അവകാശമായിരിക്കും.

നിയമാനുസൃതവും അല്ലാതെയുമുള്ള മക്കൾ: നിയമാനുസൃതവും അല്ലാതെയുമുള്ള മക്കൾ എന്ന വ്യത്യാസം ഇല്ലാതാക്കും. എല്ലാ മക്കൾക്കും മാതാപിതാക്കളുടെ സ്വത്തിൽ അവകാശമുണ്ടാകും.

ദത്തെടുത്ത മക്കൾക്കും തുല്യ പരിഗണന: ദത്തെടുത്ത മക്കൾക്കും വാടക ഗർഭ പാത്രത്തിലൂടെ ജനിച്ച മക്കൾക്കും സ്വത്തവകാശത്തിലും മറ്റും തുല്യ പരിഗണനയുണ്ടാകും.

ബഹുഭാര്യത്വും ശൈശവ വിവാഹവും പുതിയ നിയമപ്രകാരം നിരോധിക്കും. വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്തവകാശം, സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ ഇനി മതനിയമങ്ങൾക്ക് പകരം പൂർണമായും ഏക സിവിൽകോഡിലെ നിയമങ്ങൾ ആയിരിക്കും ബാധകമാവുക.

Similar Posts