നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ മുസ്ലിം എം.എല്‍.എമാര്‍ മാത്രമേ കാണൂ: അസം മുഖ്യമന്ത്രി
|അടുത്തിടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ച കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഹിമന്ത ശര്‍മ വ്യക്തമാക്കി
ദിസ്പൂര്‍: 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോൺഗ്രസില്‍ മുസ്ലിം എം.എല്‍.എമാര്‍ മാത്രമേ അവശേഷിക്കുകയുള്ളുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ കോൺഗ്രസ് നേതാക്കളെല്ലാം പതിയെ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എം.എൽ.എമാരായ റാക്കിബുൾ ഹുസൈൻ, റെക്കിബുദ്ദീൻ അഹമ്മദ്, ജാക്കിർ ഹുസൈൻ സിക്ദർ, നൂറുൽ ഹുദ എന്നിവർ മാത്രമേ പാർട്ടിയിൽ കാണുകയുള്ളുവെന്നും ഹിമന്ത ശർമ കൂട്ടിച്ചേര്‍ത്തു. ബിശ്വനാഥ് ജില്ലയിലെ ഗോഹ്പൂരിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം രാജിവച്ച കോൺഗ്രസ് നേതാവ് റാണാ ഗോസ്വാമി ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഹിമന്ത ശര്‍മ വ്യക്തമാക്കി. "അദ്ദേഹം കോൺഗ്രസിൻ്റെ ശക്തനായ നേതാവാണ്, അദ്ദേഹം ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ, ഞാൻ അതിനെ സ്വാഗതം ചെയ്യും," ശർമ പറഞ്ഞു. നേരത്തെ പരാമര്‍ശിച്ച മുസ്ലിം എം.എല്‍.എമാരൊഴികെ മറ്റെല്ലാ കോൺഗ്രസ് നേതാക്കളും എംഎൽഎമാരും ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1935ലെ അസം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ശർമയുടെ പരാമർശം.
എന്നാൽ ഇതിനെതിരെ അസം പ്രദേശ് കോൺഗ്രസ് നേതാവ് ഭൂപൻ ബോറ രംഗത്ത് വന്നു. ഹിമന്ത ബിശ്വ ശർമ ശരിക്കും ഭയപ്പെടുന്ന ഒരാൾ അസമിൽ ഉണ്ടെങ്കിൽ അത് താനാണെന്ന് ഭൂപൻ ബോറ പറഞ്ഞു. "അക്രമം ഭയത്തിൻ്റെ അടയാളമാണ്! ഹിമന്ത ബിശ്വ ശർമ്മ ശരിക്കും ഭയപ്പെടുന്ന ഒരാൾ അസമിൽ ഉണ്ടെങ്കിൽ അത് എന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. എന്തുകൊണ്ട്? എന്നോടും എൻ്റെ കുടുംബത്തോടും ഉള്ള അവൻ്റെ ക്രൂരമായ പെരുമാറ്റം അവൻ്റെ ഉള്ളിലെ ഭയത്തെ ഒറ്റിക്കൊടുക്കുന്നു. ശര്‍മക്ക് അനുയായികളെ അല്ല അടിമകളെയാണ് ഇഷ്ടം, ”അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാരായ തൻ്റെ സഹോദരനെയും ഭാര്യയെയും സംസ്ഥാനത്തിൻ്റെ രണ്ട് എതിർ കോണുകളിലേക്ക് മാറ്റിയതായി ബോറ ആരോപിച്ചു.കഴിഞ്ഞ മാസം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിന് ശേഷം തനിക്ക് അധിക സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് അസം കോൺഗ്രസ് മേധാവി ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ എന്നെ ശാരീരികമായി ആക്രമിച്ചവരെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുകയാണെന്നും ബോറ ആരോപിച്ചു. "വിയോജിപ്പിൻ്റെ ഒരു കവിതയോ അല്ലെങ്കിൽ ഒരു ട്വീറ്റോ എഴുതിയാൽ, നിങ്ങളെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു സംസ്ഥാനത്ത്, ഒരു അക്രമി സ്വതന്ത്രമായി നടക്കുന്നതായി സങ്കൽപ്പിക്കുക!" ബോറ എക്സിൽ കുറിച്ചു.
ബോറയുടെ ആരോപണങ്ങളോട് പ്രതികരിച്ച മന്ത്രി ഹസാരിക, സർക്കാർ ജീവനക്കാർ സംസ്ഥാനത്തിൻ്റെ ഏത് കോണിലും സേവനം ചെയ്യണമെന്ന് പറഞ്ഞു. ''അവർ ഏതെങ്കിലും വലിയ കോൺഗ്രസ് നേതാവിൻ്റെ ബന്ധുക്കളായതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്നില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.