India
ഗൗരി ലങ്കേഷ്, രവീഷ് കുമാര്‍ ഡോക്യുമെന്‍ററികള്‍ക്ക് ടൊറന്‍റോ ഫിലിം ഫെസ്റ്റില്‍ പുരസ്കാരം
India

'ഗൗരി ലങ്കേഷ്', 'രവീഷ് കുമാര്‍' ഡോക്യുമെന്‍ററികള്‍ക്ക് ടൊറന്‍റോ ഫിലിം ഫെസ്റ്റില്‍ പുരസ്കാരം

ijas
|
21 Sep 2022 2:42 AM GMT

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ ജീവിതവും മരണവും അടയാളപ്പെടുത്തുന്ന ഡോക്യുമെന്‍ററിയാണ് 'ഗൗരി'

മാധ്യമ പ്രവര്‍ത്തകരായ രവീഷ് കുമാറിന്‍റെയും ഗൗരി ലങ്കേഷിന്‍റെയും ജീവിതം പറയുന്ന ഡോക്യുമെന്‍ററികള്‍ക്ക് അന്താരാഷ്ട്ര പുരസ്കാരം. എന്‍.ഡി.ടി.വി മാധ്യമ പ്രവര്‍ത്തകനായ രവീഷ് കുമാറിന്‍റെ ജീവിതവും ജോലിയും പ്രതിപാദിക്കുന്ന 'വൈല്‍ വി വാച്ച്ഡ്'(While We Watched), കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ ജീവിതവും മരണവും അടയാളപ്പെടുത്തുന്ന 'ഗൗരി' എന്നീ ചിത്രങ്ങള്‍ക്കാണ് ടൊറന്‍റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം ലഭിച്ചത്.

വിനയ് ശുക്ല സംവിധാനം ചെയ്ത 'വൈല്‍ വി വാച്ച്ഡ്'(While We Watched) ആംപ്ലിഫൈ വോയിസസ് പുരസ്കാരവും , ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷ് സംവിധാനം നിര്‍വ്വഹിച്ച 'ഗൗരി' എന്ന ചിത്രത്തിന് മികച്ച മനുഷ്യാവകാശ ചിത്രത്തിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. 'ഗൗരി' മോന്‍ട്രിയലിലെ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവല്‍, അമേരിക്കയിലെ ഏറ്റവും വലിയ ഡോക്യുമെന്‍ററി ഫെസ്റ്റിവലായ ഡോക് ന്യൂയോര്‍ക്ക്, ആംസ്റ്റര്‍ഡാമിലെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫിലിം ഫെസ്റ്റിവല്‍, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ മാധ്യമപ്രവർത്തകർ നേരിടുന്ന ഭീഷണിയാണ് 'ഗൗരി' ഡോക്യുമെന്‍ററി തുറന്നുകാട്ടുന്നതെന്ന് കവിത ലങ്കേഷ് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ 200-ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ 30-ലധികം കൊലപാതകങ്ങൾ കഴിഞ്ഞ ദശകത്തിൽ നടന്നവയാണെന്നും കവിത ലങ്കേഷ് പറയുന്നു. ആക്രമണങ്ങൾ കടുപ്പമേറിയതാമെന്നും അവയുടെ പിന്നിലെ ഉദ്ദേശ്യം വ്യക്തമാണെന്നും കവിത ലങ്കേഷ് പറഞ്ഞു.

2017ൽ ബംഗളൂരുവിലെ വീടിന് പുറത്ത് വെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഹിന്ദുത്വ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരിൽ നിന്ന് ഗൗരിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.

സത്യാ-അസത്യങ്ങളുടെ വളഞ്ഞുപുളഞ്ഞുള്ള ലോകത്ത് രവീഷ് എങ്ങനെ സഞ്ചരിക്കുന്നു എന്നാണ് വിനയ് ശുക്ല സംവിധാനം ചെയ്ത 'വൈല്‍ വി വാച്ച്ഡ്' ചര്‍ച്ച ചെയ്യുന്നത്. ടൊറന്‍റോയിലെ പ്രദര്‍ശനത്തിന് ശേഷം കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തത്. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനം എത്രത്തോളം ഭീഷണിയിലാണെന്ന് മനസ്സിലാക്കാന്‍ 'വൈല്‍ വി വാച്ച്ഡ്' (While We Watched) നിര്‍ബന്ധമായും കാണണമെന്ന് ടൊറന്‍റോ ഫെസ്റ്റിവല്‍ ഫിലിം പ്രോഗ്രാമർ തോം പവേഴ്സ് പറഞ്ഞു. സിനിമ ഇന്ത്യ കേന്ദ്രീകരിച്ചാണെങ്കിലും വസ്തുതാധിഷ്‌ഠിത വാർത്തകളെ ഇല്ലാതാക്കുന്ന റഷ്യ മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങള്‍ക്ക് ഈ സിനിമ ബാധകമാണെന്നും തോം പവേഴ്സ് വ്യക്തമാക്കി.

Similar Posts